ഓയൂർ: മുപ്ളിവണ്ടിന്റെ ശല്യത്തിൽ പൊറുതി മുട്ടുകയാണ് കരീപ്ര പഞ്ചായത്തിലെ കടയ്ക്കോട് പനയറമുകളിലും പരിസരങ്ങളിലുമുള്ളവർ. രാത്രിയായാൽ കിടന്നുറങ്ങാൻ സമ്മതിക്കാത്തവിധം ശല്യം തന്നെ. മുപ്ലി വണ്ടിന്റെ ( കരിംചെല്ലി ) ഉപദ്രവം കഴിഞ്ഞ വർഷങ്ങളിലേക്കാൾ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.
കൊഴിഞ്ഞ റബറിലകൾക്കിടയിൽ കൂട്ടമായി വസിക്കുന്ന ഇവ സന്ധ്യയ്ക്ക് വീടുകളിൽ വെട്ടം തെളിയുമ്പോൾ മുതൽ കൂട്ടത്തോടെ വീടുകളിലേക്കെത്തും. പിന്നെ വീടിന്റെ രൂപത്തിൽ ഒരു മുപ്ളിവണ്ട് കൊട്ടാരമെന്ന് പറയേണ്ടിവരും. വീടിന് പുറത്ത് മാത്രമല്ല ചെറിയ പഴുകതുകളിലൂടെ വീടിനകത്തും കയറിപ്പറ്റും. പിന്നെ ഭക്ഷണത്തിൽ വരെ വണ്ട് തന്നെ. ലൈറ്റണച്ച് ഉറങ്ങാൻ കിടന്നാൽ ഇവ പറന്ന് വന്ന് ശരീരത്തിൽ പറ്റിപ്പിടിക്കും. ചെവിയിലേയ്ക്ക് കയറിയാൽ പിന്നെ നോക്കണ്ട. മുപ്ളിവണ്ടിനെ പേടിച്ച് വീടുകളിലെ കുഞ്ഞുങ്ങളെ ദൂരെയുള്ള ബന്ധുവീടുകളിലേക്ക് രാത്രിയിൽ ഉറങ്ങാൻ പറഞ്ഞുവിടേണ്ട അവസ്ഥയാണ്. കൊവിഡ് കാലത്ത് ഈ ദുരിതം കൂടി സഹിക്കാനാവുന്നില്ലെന്ന് പറയുകയാണ് നാട്ടുകാർ. കരീപ്ര പഞ്ചായത്തിലെ മിക്ക വാർഡുകളിലും മുപ്ളിവണ്ടിന്റെ ഉപദ്രവം കൂടിവരികയാണ്. ജനങ്ങളുടെ ദുരിതജീവിതത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പലപേരുകളിൽ
മേച്ചിലോടിനുള്ളിൽ ഒളിച്ച് കൂടുന്നതിനാൽ ‘ഓട്ടുറുമ’, ‘ഓട്ടെരുമ’ ‘കോട്ടെരുമ’ , ‘ഓട് വണ്ട്’ എന്നീ പേരുകളും ഇവർക്കുണ്ട്. ഓലമേഞ്ഞ വീടുകൾ ഇഷ്ടപ്പെടുന്നതിനാൽ ‘ഓലച്ചാത്തൻ’, ‘ഓലപ്രാണി’, തുടങ്ങിയ പേരും ചില പ്രദേശങ്ങളിൽ ഉണ്ട്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ തൃശൂർ ജില്ലയിലെ മുപ്ലിയിലെ റബർ തോട്ടങ്ങളിൽ ആയിരുന്നു ആദ്യമായി ഇത്തരം വണ്ട് സാന്നിദ്ധ്യം ഗവേഷകർ ശ്രദ്ധിച്ചത്. അതോടെയാണ് മുപ്ളി വണ്ട് എന്ന പേര് ലഭിച്ചത്. ലുപ്രോപ്സ് ട്രിസ്റ്റിസ് (Luprops tristis) ശാസ്ത്രനാമം.