photo
കൊട്ടാരക്കര മാർക്കറ്റ്

ഹൈടെക് വികസനം പ്രഖ്യാപനത്തിലൊതുങ്ങിയോ?

കൊട്ടാരക്കര: പദ്ധതികൾ വരും പോവും, എന്നിട്ടും കൊട്ടാരക്കര മാർക്കറ്റിന്റെ ദുരിതത്തിന് അറുതിയില്ല. ഹൈടെക് മത്സ്യമാർക്കറ്റ് പദ്ധതിക്കായി കിഫ്ബിയിൽ ഉൾപ്പെടുത്തി 4.40 കോടി രൂപ അനുവദിച്ചെന്ന പ്രഖ്യാപനം വന്നിട്ടും ഇതുവരെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. അടുപ്പുകൂട്ടിയതുപോലെ കച്ചവട സ്ഥാപനങ്ങളും വൃത്തിയില്ലാത്ത അന്തരീക്ഷവുമാണ് കൊട്ടാരക്കര ചന്തയുടെ നിലവിലെ അവസ്ഥ. പ്രതിവർഷം 35 ലക്ഷം രൂപ വാടകയിനത്തിൽത്തന്നെ നഗരസഭയ്ക്ക് ലഭിക്കുമെങ്കിലും യാതൊരു വികസനപ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. നിലവിൽ നാല് വഴികളുണ്ട്. ഇത് രണ്ടായി ചുരുക്കി ഗേറ്റ് സ്ഥാപിച്ച് സെക്യൂരിറ്റിയെ നിയമിക്കുമെന്ന പ്രഖ്യാപനവും നടപ്പാക്കാനായിട്ടില്ല.

ഹൈടെക് വികസന പദ്ധതി ഇങ്ങനെ

കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെ മാർക്കറ്റ് നവീകരണത്തിനായുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി നിയമിച്ചാണ് പദ്ധതി തയ്യാറാക്കിയത്. ചന്തമുക്കിലെ പഴയ മത്സ്യ മാർക്കറ്റ് പൊളിച്ച് നീക്കിയ ശേഷമാണ് പുതിയ മാർക്കറ്റ് സമുച്ചയം നിർമ്മിക്കുക. മത്സ്യ വ്യാപാരത്തിനുള്ള അത്യാധുനിക സംവിധാനങ്ങളുള്ള ഹാളും മറ്റ് കടമുറികളും ഇറച്ചി സ്റ്റാളുകളും അടങ്ങുന്നതാകും പുതിയ മാർക്കറ്റ് സമുച്ചയം.

താഴത്തെ നിലയിൽ 33 കടമുറികളാണ് നിർമ്മിക്കുക. ഇറച്ചി തയ്യാറാക്കുന്ന എട്ട് കേന്ദ്രങ്ങളും വിശ്രമ മുറികളും ടോയ്ലറ്റുകളും താഴത്തെ നിലയിൽ ക്രമീകരിക്കും. ഒന്നാംനിലയിൽ 19 മത്സ്യ സ്റ്റാളുകൾ, 12 ഉണക്കമത്സ്യ വിപണന സ്റ്റാളുകൾ, 28 കടമുറികൾ എന്നിവയാണ് സജ്ജമാക്കുക. പ്രിപ്പറേഷൻ റൂം, ചിൽ റൂം എന്നിവയും അനുബന്ധമായുണ്ടാകും. മാലിന്യ സംസ്കരണത്തിന് ആധുനിക സംവിധാനങ്ങൾ ഒരുക്കും. മത്സ്യം വിപണനത്തിന് തയ്യാറാക്കുന്ന റാക്കുകൾ സ്റ്റെയിൻലസ് സ്റ്റീലിലാണ് നിർമ്മിക്കുക.

ചന്തയെ ഹൈടെക്കാക്കുന്ന പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ സംസ്ഥാന തീരദേശ വികസന കോർപ്പറേഷന് നിർദേശം നൽകി.

പി. ഐഷാപോറ്റി, മുൻ എം.എൽ.എ