കൊല്ലം: ശക്തമായ കാറ്റും മഴയ്ക്കുമൊപ്പം വേലിയേറ്റം ശക്തിപ്രാപിച്ചതോടെ മൺറോത്തുരുത്തിൽ പ്രളയാന്തരീക്ഷം. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കരയേത്, കായലേതെന്ന് അറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പ്രദേശങ്ങളും.
ഇന്നലെ രാവിലെ മുതൽ മഴയുണ്ടെങ്കിലും വൈകിട്ട് 3 ഓടെ വേലിയേറ്റം ശക്തിപ്രാപിക്കുകയായിരുന്നു. കടൽത്തിരപോലെയാണ് അഷ്ടമുടിക്കായലിൽ നിന്നും കല്ലടയാറ്റിൽ നിന്നും ഓളം കരയിലേക്ക് അടിച്ചുകയറുന്നത്. കണ്ട്രാംകാണി, പട്ടംതുരുത്ത് ഈസ്റ്റ്, പട്ടംതുരുത്ത് വെസ്റ്റ്, നെന്മേനി തെക്ക്, കിടപ്രം വടക്ക്, കിടപ്രം തെക്ക്, പെരുങ്ങാലത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കിടപ്രം ലക്ഷംവീട് കോളനിയിലും ജയന്തി കോളനിയിലും മുട്ടറ്റം വെള്ളം പൊങ്ങി.
വീടുകൾക്കുള്ളിൽ മുട്ടറ്റം വെള്ളം
ശക്തമായ കാറ്റിൽ പല വീടുകളുടെയും ഷീറ്റ് മേഞ്ഞ മേൽക്കൂരകൾ ഇളകി. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളും തകരാറിലായി. ചില പ്രദേശങ്ങളിൽ വ്യാഴാഴ്ച ഉച്ച മുതൽ വൈദ്യുതി ബന്ധമില്ല. ഇന്നലെ കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം നഷ്ടമായി. ചെമ്മീൻകുളങ്ങളിൽ വെള്ളംകയറി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചു. വീടുകളിൽ മുട്ടറ്റം വെള്ളം പൊങ്ങിതോടെ പലരും ബന്ധുവീടുകളിലേക്ക് മാറി. അഷ്ടമുടി കായലിലെയും കല്ലടയാറ്റിലെയും ജലനിരപ്പ് ഉയർന്നതാണ് വേലിയേറ്റം തീവ്രമാകാൻ കാരണം.