കുന്നിക്കോട് : റോഡിന്റെ വശത്ത് വാഹനത്തിലിരുന്ന് മദ്യപിച്ചവരെ കുന്നിക്കോട് പൊലീസ് പിടികൂടി. അടൂർ വടക്കടത്ത്ക്കാവ് പരുത്തിപ്പാറ ഷെമീർ മൻസിലിൽ ഷെമീർ (38), വിളക്കുടി ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം കൊപ്പാറകുന്നിൽ വീട്ടിൽ നൗഷാദ് (29), ഏഴംകുളം പറക്കോട് ചൈത്രാലയം വീട്ടിൽ സന്തു കൃഷ്ണൻ (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
വിളക്കുടി മന്നം മെമ്മോറിയൽ സ്കൂളിന് സമീപത്ത് പൊലീസ് പട്രോളിംഗിനിടെയാണ് പ്രതികളെ കാറിനുള്ളിൽ വാറ്റ് ചാരായവുമായി പിടിച്ചത്. പ്രതി ഷെമീർ മുൻ കാലങ്ങളിലും നിരവധി കേസിലെ പ്രതിയാണ്. എസ്.ഐ ജെ.യു. ജിനുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ഗിരീഷ്, സന്തോഷ്, ബിജു, സി.പി.ഒമാരായ രാജേഷ്, ബാബുരാജ്, അനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.