പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴക്കൊപ്പം വീശിടയിച്ച കാറ്റിൽ മര ശിഖരങ്ങൾ ഒടിഞ്ഞ് വീണ് ആറ് വീടുകൾക്ക് നാശം. ഒരു ഗൃഹനാഥന് പരിക്കേറ്റു. ഒരു വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. ഇത് കൂടാതെ മരങ്ങൾ കട പുഴകി വീണ് വൈദ്യുതി ബന്ധം താറുമാറായി. പുനലൂർ നഗരസഭയിലെ കക്കോട് ഷാജി ഭവനിൽ ഷാജി, കരവാളൂർ പഞ്ചായത്തിലെ കൊച്ചുവട്ടമൺ ഇലഞ്ഞിക്കൽ പുത്തൻ വീട്ടിൽ മാത്യൂ ഡാനിയേൽ,പണയിൽ പുത്തൻ വീട്ടിൽ പ്രദീപ്, കാര്യറ കുളത്തോട് കിഴക്കതിൽ പറവിള വീട്ടിൽ വി.ഷെറീഫ്,തെന്മല പഞ്ചായത്തിലെ ആനപെട്ടകോങ്കൽ സുജിൽ ഭവനിൽ സുശീലൻ, ആര്യങ്കാവ് പഞ്ചായത്തിലെ ഇരുളൻകാട് സ്വദേശിനി കറുത്തമ്മ എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. വീടിന് സമീപത്ത് നിന്ന ആൽമര ശിഖരം അടർന്ന് വീണ് വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് പൊട്ടി തേളിൽ വീണ് കക്കോട് സ്വദേശിയായ ഷാജിക്കാണ് നിസാര പരിക്കേറ്റത്. ഇരുളൻകാട് സ്വദേശിനിയായ കറുത്തമ്മയുടെ ഇരുമ്പ് ഷീറ്റ് മേഞ്ഞ വീടിന്റെ കൂരയാണ് കനത്ത കാറ്റിൽ ഇന്നലെ പറന്ന് പോയത്. കാര്യറ സ്വദേശി ഷെറീഫിന്റെ വീടിനോട് ചേർന്ന് 15 അടി ഉയരമുളള കല്ലുകെട്ട് ഇടിഞ്ഞ് വീണ് അടുക്കള ഭാഗീകമായി നശിച്ചു. കൊച്ചുവട്ടമൺ സ്വദേശിയായ മാത്യൂ ഡേവിഡ്, പ്രദീപ് എന്നിവരുടെ വീടിന് സമീപത്തെ കൽക്കെട്ടുകൾ ഇടിഞ്ഞ് വീടിന്റെ ഭിത്തിയിൽ വീഴുകയായിരുന്നു. ഇതിൽ അപകടാവസ്ഥയിലായ വീട്ടിൽ നിന്ന് മാത്യൂ ഡേവിഡും കുടുംബവും സമീപത്തെ വീട്ടിലേക്ക് താമസം മാറ്റിയെന്ന് റവന്യൂ അധികൃതർ അറിയിച്ചു.