ശാസ്താംകോട്ട : രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കുന്നത്തൂർ താലൂക്കിൽ കനത്ത നാശം. 7വീടുകൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. ശൂരനാട് തെക്ക്- 4, പോരുവഴി, ശാസ്താംകോട്ട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളിൽ ഓരോ വീടുകളുമാണ് തകർന്നത്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടി. കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആയിട്ടുണ്ട്. ഈ മേഖലകളിൽ വ്യാപകമായ തോതിൽ കൃഷിയും നശിച്ചിട്ടുണ്ട്. ഒരു വില്ലേജിലും ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. എന്നാൽ അതിനുള്ള തയ്യാറെടുപ്പുകൾ എല്ലാ വില്ലേജുകളിലും ആരംഭിച്ചിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകളും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ കുന്നത്തൂരിൽ ആരംഭിച്ചിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. അമ്പതോളം ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞതോടെ താലൂക്കിലെ വൈദ്യുതി ബന്ധം താറുമാറായി. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. വൈദ്യുതി ബന്ധം പുന: സ്ഥാപിക്കുവാൻ ദിവസങ്ങൾ വേണ്ടി വരുമെന്നാണ് പ്രാഥമിക വിവരം.