കുന്നത്തൂർ : വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. തഴവ മേക്കുംമുറിയിൽ വളാലിൽ മുക്കിന് സമീപം രശ്മി വീട്ടിൽ സി.സി,​ അമ്പിളി എന്ന് വിളിക്കുന്ന അജിത്ത്കുമാർ(34) ആണ് പിടിയിലായത്. നിരോധിത പുകയില ഉത്പ്പന്നങ്ങളും പഴയ വാഹനങ്ങളും എത്തിച്ചു നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പണം തട്ടിയിരുന്നത്. മേയ് മാസം ഒന്നിന് പതാരത്തെ വ്യാപാരിയായ പള്ളിശേരിക്കൽ സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തിരുന്നു. മൊബൈൽ ഫോണിൽ വിളിച്ച് കച്ചവടം ഉറപ്പിച്ച ശേഷം പണവുമായെത്തിയ വ്യാപാരിയിൽ നിന്ന് പണം പിടിച്ചു പറിച്ച് കാറിൽ മുങ്ങുകയായിരുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ അജിത്ത്കുമാർ. തെക്കൻ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളാണ് ഇവർക്കെതിരെയുള്ളത്. പഴയ വാഹനങ്ങൾ വിൽക്കുന്നവരായും വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവരായും അഭിനയിച്ച് അര കോടിയോളം രൂപ സംഘം തട്ടിയെടുത്തതായാണ് വിവരം.