ആയൂർ: വിദേശത്ത് പോകാൻ വിസ വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ചടയമംഗലം മേടയിൽ സ്വദേശി അജിയെയാണ് (36) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സ്വദേശിനിയും ഒരു കുട്ടിയുടെ മാതാവുമാണ് യുവതി. ഈ മാസം പതിനൊന്നിനാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. പുറത്തേയ്ക്ക് ഓടിയ യുവതിയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചതും പൊലീസിനെ വിവരം അറിയിച്ചതും. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ കടയ്ക്കൽ, ചടയമംഗലം സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കടയ്ക്കലിൽ ഭർത്താവിന്റെ ക്വട്ടേഷൻ വാങ്ങി ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന കേസിലും ഇയാൾ പ്രതിയാണ്. ഭാര്യ ഉപേക്ഷിച്ച് പോയതിനാൽ വീട്ടിൽ തനിച്ചാണ് താമസം. സി.ഐ ബിജോയ്, എസ്.ഐമാരായ മിഥുൻ, മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.