photo
കല്ലുവാതുക്കൽ അജിഭവനത്തിൽ രാജേന്ദ്രന്റെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

കൊട്ടാരക്കര: മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ കൊട്ടാരക്കര അമ്പലപ്പുറം കല്ലുവാതുക്കലിൽ വീടിന്റെ മേൽക്കൂര തകർന്നു. ആളപായമില്ല. കല്ലുവാതുക്കൽ അജിഭവനത്തിൽ രാജേന്ദ്രന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. കഴിഞ്ഞ ദിവസം ശബ്ദത്തോടുകൂടി മേൽക്കൂര തകരുന്നതുകണ്ട് വീട്ടുകാർ പുറത്തേക്കോടിയതിനാൽ വൻ ദുരന്തം ഒഴിവായി. വീടിനുള്ളിൽ വെള്ളം ഇറങ്ങി താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. നഗരസഭ ചെയർമാൻ എ.ഷാജു, സെക്രട്ടറി പ്രദീപ് കുമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. വീട് പുനർ നിർമ്മിയ്ക്കാനും താമസയോഗ്യമല്ലാത്തതിനാൽ മാറ്റി പാർപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ എ.ഷാജു അറിയിച്ചു.