കൊല്ലം: പൊലീസിനെ വെട്ടിച്ച് കടന്നശേഷം ഇന്നോവ കാറും നാല് കിലോ കഞ്ചാവും വഴിയിൽ ഉപേക്ഷിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കുളക്കട മഠത്തിനാപ്പുഴ ആലുംമൂട്ടിൽ വീട്ടിൽ സൗരവ് (വിഷ്ണു, 25), കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്ത് (25) എന്നിവരാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 9ന് ഉച്ചയോടടുത്ത് ലോക്ക് ഡൗൺ പരിശോധനയ്ക്കിടെ എം.സി റോഡുവഴി വന്ന ഇന്നോവ കാറിന് പൊലീസ് കൈകാണിച്ചു. നിറുത്താതെ പോയ ഇന്നോവ പിന്നീട് എം.സി റോഡിൽ നിന്ന് ഗോവിന്ദമംഗലം റോഡിലേക്ക് കടന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കാർ ഉപേക്ഷിച്ച ശേഷം അകത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരെ കണ്ടെത്താൻ നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം പൊലീസ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
എന്നാൽ കാറിന് സമീപത്ത് നിന്ന് കഞ്ചാവിന്റെ കുറച്ചുഭാഗം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദൂരേക്ക് വലിച്ചെറിഞ്ഞ നാല് കിലോ കഞ്ചാവ് കണ്ടെത്തിയത്. ഇന്നോവയുടെ ഉടമയാണ് സൗരവ്. അരുൺ അജിത്ത് കഞ്ചാവ് വില്പനയുടെ മുഖ്യ കണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഒട്ടേറെ ഇടനിലക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. നേരത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാരനെ ആക്രമിച്ച കേസിലും പ്രതിയാണ്.