കൊല്ലം: ശക്തമായ മഴയിലും കാറ്റിലും നഗരം ഇന്നലെ വിറങ്ങലിച്ചു. തീരത്ത് കടലാക്രമണം രൂക്ഷമാണ്. അഷ്ടമുടി, താന്നി കായലുകളുടെ തീരത്തുള്ള നൂറുകണക്കിന് വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശക്തികുളങ്ങരയിൽ അൻപതിലേറെ വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ ബന്ധു വീട്ടുകളിലേക്കു മാറ്റി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിവീണ് കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്.
ഉച്ചയ്ക്ക് രണ്ടിനു ശേഷമുണ്ടായ കനത്ത കാറ്റിലും കടൽ ക്ഷോഭത്തിലും ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ പള്ളി മുതൽ മരുത്തടി വളവിൽതോപ്പു വരെയുള്ള തീരദേശ റോഡിന്റെ വശത്തുള്ള വീടുകളിലാൽ വെള്ളം കയറി. കപ്പിത്താൻസ് തീയേറ്ററിനു സമീപം ഗുരുമന്ദിരത്തിന് മുന്നിലുള്ള വൻമരം റോഡിലേക്ക് കടപുഴകി വീണു. ശക്തികുളങ്ങര ആനക്കോട്ടൂർ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ വീട്ടിലെ കുളിമുറി മരം വീണ് തകർന്നു. കൊല്ലം ബീച്ച്, മുണ്ടയ്ക്കൽ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. പലയിടത്തും തീരദേശ റോഡ് തകർന്നിട്ടുണ്ട്.
കുണ്ടറയിൽ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി
കുണ്ടറ: കനത്ത മഴയിൽ കുണ്ടറയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. കാഞ്ഞിരോട് കായലിൽ നിന്നുള്ള വേലിയേറ്റത്തിൽ പേരയം പഞ്ചായത്തിലെ കാഞ്ഞിരകോട് പള്ളിക്കടവ്, ഇടക്കര, മുട്ടം, കോണുവിള ഭാഗങ്ങളിൽ വെള്ളം കയറി. കുണ്ടറ ടെക്നോപാർക്കിന് സമീപത്തുകൂടി ഒഴുകുന്ന തോട് കരകവിഞ്ഞൊഴുകിയത്തോടെ സമീപത്തെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുട്ടം ഭാഗത്തെ ഹാർബർ എൻജിനിയറിംഗ് വിഭാഗം നിർമ്മിച്ച തീരദേശ റോഡിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലമാണ് വെള്ളക്കെട്ടുണ്ടായതെന്ന് ആക്ഷേപമുണ്ട്. നിർമ്മാണ ചുമതലയുള്ള ഉദ്യോഗസ്ഥർ നാളെ നേരിട്ടെത്തി പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കാഞ്ഞിരകോട് തോടിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി പദ്ധതി രൂപീകരിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പേരയം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറെ ചുമതലപ്പെടുത്തിയതായി പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര അറിയിച്ചു. നീരൊഴുക്കിന്റെ ശക്തി കുറയുന്ന മുറയ്ക്കേ പദ്ധതികൾ രൂപീകരിക്കാനാകൂ.
ചാത്തന്നൂരിൽ വ്യാപക നാശനഷ്ടം
ചാത്തന്നൂർ : രണ്ടുദിവസമായി തുടരുന്ന മഴയിലും കാറ്റിലും ചാത്തന്നൂരിൽ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലാണ്. ചാത്തന്നൂർ തോട് കരകവിഞ്ഞതിനെ തുടർന്ന് മീനാട്, കൊല്ലാകുഴി, കുടുക്കറ തുടങ്ങിയ പ്രദേശങ്ങളിലെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. ചാത്തന്നൂർ ഗവ. എൽ.പി.എസ്, മീനാട് എൽ.പി.എസ്, കോയിപ്പാട് എൽ.പി.എസ്, ഞവരൂർ സെന്റ് ജോർജ് യു.പി.എസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചാത്തന്നൂർ പരവൂർ റോഡിലെ മീനാട് പാലമുക്ക് വെള്ളക്കെട്ടായി. ചാത്തന്നൂർ മംഗളം ജംഗ്‌ഷനിൽ തേക്കുമരം 11 കെ.വി വൈദ്യുതി പോസ്റ്റിലേക്ക് കടപുഴകി വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്നലെ ഉച്ചമുതൽ ചാത്തന്നൂരിലെ മിക്ക പ്രദേശങ്ങളിലെയും വൈദ്യുതി വിതരണം നിലച്ചിരുന്നു. ഇത്തിക്കരയാറ്റിലെ ജലനിരപ്പ് ഉയർന്നതിനാൽ തീരവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്, റവന്യൂ, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ചാണ് രക്ഷാ പ്രവർത്തനം തുടരുന്നത്. കൊവിഡ് ഭീതിയിൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാൻ തയ്യാറാവാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പരവൂരിൽ മരങ്ങൾ കടപുഴകി
പരവൂർ: ശക്തമായ കാറ്റിലും മഴയിലും പരവൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കൂനയിൽ റേഷൻകട മുക്കിന് സമീപം ചാലുവിള വീട്ടിൽ കെ. അംബികയുടെ പുരയിടത്തിൽ നിന്ന 4 വലിയ പറങ്കിമാവുകൾ കടപുഴകി റോഡിലേക്ക് വീണു. ഇതിന് പുറമേ 2 വലിയ പ്ലാവ്, 2 മാവ്, 40 വാഴ, 2 വലിയ മുരിങ്ങ തുടങ്ങിയവ പിഴുത് വീണ് ഏകദേശം 2 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വീട്ടുടമസ്ഥ പറഞ്ഞു.
വീടിന്റെ അടിസ്ഥാനം തകർന്നു
കണ്ണനല്ലൂർ: ശക്തമായ കാറ്റിലും മഴയിലും നെടുമ്പന പഞ്ചായത്തിലെ മുട്ടയ്ക്കാവിൽ ഉയരത്തിൽ നിന്നിരുന്ന വീടിന്റെ അടിസ്ഥാനം തകർന്നു. വിവരമറിഞ്ഞെത്തിയ ഗ്രാമ പഞ്ചായത്ത് അംഗവും റെവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് ഇവിടെ താമസിച്ചിരുന്നവരെ ബന്ധുവീട്ടിലേക്ക് മാറ്റിയത്. മുട്ടയ്ക്കാവ് പതിനഞ്ചാം വാർഡിൽ പൊയ്കയിൽ പുത്തൻവീട്ടിൽ വഹാബിന്റെ വീടിന്റെ ഫൗണ്ടേഷനാണ് തകർന്നത്. വീട് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ഗ്രാമ പഞ്ചായത്ത് അംഗം ബിനുജാ നാസറുദീൻ, ബ്ലോക്ക് പഞ്ചായത്തംഗം സജീവ്, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
വൈദ്യുതി മുടങ്ങും
കൊല്ലം : മയ്യനാട് കെ.എസ്.ഇ.ബിയുടെ പരിധിയിൽ 100ൽ അധികം പോസ്റ്റുകളും 50ഓളം ഹൈടെൻഷൻ പോസ്റ്റുകളും തകരാറിലായതിനാൽ തിങ്കളാഴ്ചയോട് കൂടി മാത്രമേ സപ്ലൈ പൂർണമായും പുനസ്ഥാപിക്കാൻ കഴിയൂ.