കൊല്ലം: ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശ - മലയോര മേഖലകളിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ജാഗ്രതാ നിർദേശം നൽകി. അപകടകരമായി നിൽക്കുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റാനും കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താനും പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.
കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണം. ഖനനപ്രവർത്തനങ്ങൾക്കും അനുമതിയില്ല. തീർത്ഥാടന കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മൃഗസംരക്ഷണം, കാർഷിക വിളസംരക്ഷണം എന്നീ മേഖലകളിലും ഏകോപനം കാര്യക്ഷമമാക്കി.
അടിയന്തരസാഹചര്യം നേരിടാൻ അഗ്നിശമന സേന 24 മണിക്കൂറും സജ്ജമാണ്. വിദ്യാഭ്യാസ വകുപ്പ് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തും. അഭയകേന്ദ്രം ഒരുക്കാൻ സാമൂഹ്യ നീതിവകുപ്പിനെ ചുമലതപ്പെടുത്തി. പട്ടികജാതി - വർഗ മേഖലകളിലും കോളനികളിലും ജാഗ്രതാ നിർദേശം നൽകി. വൈദ്യുതി തടസം പരിഹരിക്കാൻ കെ.എസ്.ഇ.ബിയും പ്രവർത്തന സജ്ജമാണ്.