മക്കളും ഡ്രൈവറും രക്ഷപ്പെട്ടു
എഴുകോൺ: തമിഴ്നാട് മധുരയിൽ നിറുത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ കാറിടിച്ച് മലയാളി ദമ്പതികൾ മരിച്ചു. മക്കളും ഡ്രൈവറും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം വെളിയം ആരൂർക്കോണം അശ്വതി ഭവനിൽ എൻ. ധനപാലൻ (അനി, 58), ഭാര്യ ജലജ ധനപാലൻ (51) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെ മധുര വിനായപുരത്തായിരുന്നു അപകടം.
വിശാഖപട്ടണത്ത് ബിസിനസുകാരനായ ധനപാലന്റെ കുടുംബവും പുത്തൂരിലുള്ള മറ്റൊരു കുടുംബവും രണ്ട് കാറുകളിലായി നാട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. കാറിന്റെ ഇടതുഭാഗം ട്രക്കിലേക്ക് ഇടിച്ചുകയറി പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മധുര രാജാജി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജലജ യാത്രാ മദ്ധ്യേയും ധനപാലൻ ആശുപത്രിയിൽ വച്ചും മരിച്ചു.
ഇവരുടെ മക്കളായ അശ്വതി (18), അനുഷ് (14), ഡ്രൈവർ പത്തനാപുരം സ്വദേശി അഗസ്റ്റിൻ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോക കേരളസഭാംഗം, വിശാഖപട്ടണം മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു ധനപാലൻ. ഇരുവരുടെയും മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ വെളിയത്തെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.