തിരുവനന്തപുരം: അറബിക്കടലിന്റെ തീരത്ത് ഭീതി വിതച്ച് ടൗക്‌തേ അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്തിന്റെ പലസ്ഥലത്തും മഴയും ശക്തമായ കടൽക്ഷോഭവും തുടരുന്നു. രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ടൗക്‌തേ കേരളതീരം വിട്ട് ഗുജറാത്ത് തീരത്തേക്ക് പോകും. കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. തിരുവനന്തപുരംത്ത് പൊഴിയൂർ,പൂന്തുറ, വലിയതുറ, മുതലപ്പൊഴി, അഞ്ചുതെങ്ങ് , കാപ്പിൽ, ഇടവ പ്രദേശങ്ങളിൽ നിരവധി വീടുകൾ കടലാക്രമണഭീതിയിലാണ്. ഇന്നലെ രാത്രിയും പുലർച്ചെയുമായുണ്ടായ ശക്തമായ കടലാക്രമണത്തിൽ അമ്പതോളം വീടുകൾ തകർന്നു. കരമനയിൽ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പാൽകുളങ്ങര സ്വദേശി അനൂപ് (32) ആണ് മരിച്ചത്. കരമന ചിറക്കര ലൈനിലുള്ള ഭാര്യവീട്ടിലേക്ക് വരും വഴി വൈദ്യുതി ലൈനിൽ മുട്ടിക്കിടന്ന വാഴയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ കടൽക്ഷോഭം കൂടി കനത്തതോടെ കൊല്ലം ജില്ലയിലും സ്ഥിതിഗതികൾ ഗുരുതരമാണ്. തീരദേശഗ്രാമമായ ആലപ്പാട് പഞ്ചായത്തിലാണ് സ്ഥിതിഗതികൾ രൂക്ഷം. പഞ്ചായത്തിലെ പത്തോളം വീടുകൾ തകർന്നു. ഒട്ടേറെ വീടുകളിൽ വെളളം കയറി. ദുരിതബാധിതരെ പാർപ്പിക്കാനായി ആലപ്പാട് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. താന്നി, ഇരവിപുരം എന്നീ പ്രദേശങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. ജില്ലയിൽ രണ്ട് ദിവസം മുമ്പാരംഭിച്ച അതിശക്തമായ മഴ മാറ്റമില്ലാതെ തുടരുകയാണ്. ഉൾക്കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് മൂന്ന് ശ്രീലങ്കൻ ബാർജുകളടക്കം ആറ് ചരക്ക് കപ്പലുകൾ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. മലയോരത്തെയും സ്ഥിതി രൂക്ഷമാണ്. തുടർച്ചയായ മഴയെത്തുടർന്ന് കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നു. മലയോര മേഖലയിൽ പലസ്ഥലത്തും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. മലയോര മേഖലയിൽ രാത്രിയാത്ര പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തൃക്കോവിൽവട്ടത്ത് തുടങ്ങിയ ദുരിതാശ്വാസക്യാമ്പിലേക്ക് അഞ്ച് കുടുംബങ്ങളിലെ 25 പേരെ മാറ്റിപ്പാർപ്പിച്ചു. പള്ളിമണ്ണിൽ പത്ത് വീടുകൾ ഭാഗികമായി തകർന്നു. തകർന്ന വീടുകളിലൊന്നിൽ താമസിച്ചിരുന്ന കൊവിഡ് ബാധിതയായ ഗർഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. ശക്തികുളങ്ങരയിൽ ദേശീയപാതയിലേക്ക് വൻമരം കടപുഴകി വീണു. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നതിനാൽ പലസ്ഥലത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ചവറ പന്മനയ്ക്ക് സമീപം ടി.എസ് കനാലിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. പന്മന സ്വദേശി സുധിനെയാണ് കാണാതായത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും മഴ കനത്തു. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളായ കുമരകം, തിരുവാർപ്പ്, കുമ്മനം, വാഴപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കുമരകം പ്രദേശത്ത് 50 ശതമാനം കൊവിഡ് വ്യാപനമുള്ളതിനാൽ അവർ ഒരു കാരണവശാലും ക്യാമ്പുകളിലേക്ക് പോവാൻ തയാറാവുന്നില്ല. കിഴക്കൻ പ്രദേശങ്ങളിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ശക്തമായ ഒഴുക്കാണ്. തീക്കോയി പ്രദേശത്തും ശക്തമായ മഴയാണ് തുടരുന്നത്. ഇവിടെ ഉരുൾപൊട്ടൽ ഉണ്ടാവുക പതിവാണ്. അതിനാൽതന്നെ ഇവിടെയുള്ള ജനങ്ങൾ ഭയപ്പാടിലാണ് കഴിയുന്നത്. മരങ്ങൾ വീണും മതിൽ ഇടിഞ്ഞും ജില്ലയിൽ അഞ്ച് വീടുകൾക്ക് കേടുപാടുകളുണ്ടായി. എസ്.എച്ച് മൗണ്ടിൽ അംബ്രോസ് നഗറിൽ വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 128.8 അടിയായി.
എറണാകുളം ജില്ലയിൽ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായിട്ടുണ്ട്. കണ്ണമാലി, എടവനക്കാട്, വൈപ്പിൻ മേഖലകളിലും സ്ഥിതി രൂക്ഷമാണ്.പല വീടുകളും വെള്ളത്തിലാണ്. ചിലത് നിലംപൊത്തി. മാനാശേരി, മറുവക്കാട്, ചെറിയകടവ് എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനങ്ങൾക്കായി ചെല്ലാനത്തെ ദുരിതബാധിത മേഖലയിൽ 26 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘമെത്തി. ഇവരെ വെള്ളപ്പൊക്കം രൂക്ഷമായ മേഖലകളിലാണ് വിന്യസിച്ചിരിക്കുന്നത്. പശ്ചിമകൊച്ചിയും വെള്ളത്തിൽ മുങ്ങി. ഇടറോഡുകൾ ഉൾപ്പെടെയുള്ള റോഡുകൾ വരെ വെള്ളത്തിലാണ്. പള്ളുരുത്തി പൊതുശ്മശാനം വെള്ളത്തിലായതോടെ കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതും പ്രതിസന്ധിയിലായി.
വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടാണ്. കടലേറ്റമുണ്ടായ കാസർകോട് മുസോളി കടപ്പുറത്ത് മൂന്ന് വീടുകൾ കടലെടുത്തു. കണ്ണൂരിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. തീരദേശത്തും മലയോരത്തും താമസിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം നൽകി. മലപ്പുറത്തും കടൽക്ഷോഭത്തിൽ ചെമ്മീൻ ഹാച്ചറി പൂർണമായും കടലെടുത്തു. കോഴിക്കോട് ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകാണ്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. കൊയിലാണ്ടി, ബേപ്പൂർ, തോപ്പയിൽ, കോതി എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. ജില്ലയിൽ എൻ.ഡി.ആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.