കരുനാഗപ്പള്ളി: കനത്ത മഴയിൽ വെള്ളത്തിൽമുങ്ങിയ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് സന്ദർശിച്ചു. രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്ന ചെറിയഴീക്കൽ, പണിക്കർ കടവ്, പണ്ടാരത്തുരുത് തുടങ്ങിയ പ്രദേശങ്ങളിലും ചെറിയഴീക്കലും ക്ലാപ്പന ഹൈനെസ് കൺവെൻഷൻ സെന്ററിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലുമെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മഴക്കെടുതിയിൽ തകർന്ന കരുനാഗപ്പള്ളി, തൊടിയൂർ, ഓച്ചിറ, തഴവ, കുലശേഖരപുരം എന്നീ പ്രദേശങ്ങളിലെ തകർന്ന വീടുകളും പൊതുസ്ഥാപനങ്ങളും അദ്ദേഹം സന്ദർശിച്ചു.
ആലപ്പാട് തീരസംരക്ഷണത്തിന് ശാശ്വത പരിഹാരം വേണം
ഓച്ചിറ: ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റ തീരസംരക്ഷണത്തിന് ശാശ്വത പരിഹാരം വേണമെന്ന് നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് പറഞ്ഞു. കടലാക്രമണം തടയാൻ ജിയോ ബാഗ് പോലെയുള്ള സംവിധാനങ്ങൾ തീർത്തും അശാസ്ത്രീയമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മുൻ എം.പി കെ.സി. വേണുഗോപാൽ പുലിമുട്ട് നിർമ്മാണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾക്കായി ചെന്നൈ ഐ.ഐ.ടിയെ സമീപിച്ചിരുന്നു. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരസംരക്ഷണ മാർഗങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.
വരും ദിവസങ്ങളിൽ ആലപ്പാട്ടെ തീരസംരക്ഷണത്തെപ്പറ്റി ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് കൂടുമന്ന് സി.ആർ.മഹേഷ് അറിയിച്ചു.
ന്യൂനമർദത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്തിൽ കടൽക്ഷോഭമുണ്ടായ മേഖലകളിൽ അദ്ദേഹം സന്ദർശനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.