photo
ശക്തമായ കാറ്റിൽ മരം പുഴുതു വീണ് ഭാഗികമായി തക‌ന്ന ശശികുമാറിന്റെ വീട്.

കരുനാഗപ്പള്ള: രണ്ട് ദിവസമായി തോരാത്ത മഴയാണ്. ഒപ്പം വീശിയടിക്കുന്ന കാറ്റും. കരുനാഗപ്പള്ളിയിലും പരിസരത്തും ഇതിനോടകം തന്നെ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. നിരവവധി വീടുകളിൽ മരം പിഴുത് വീണ് നാശമുണ്ടായി.

കോഴിക്കോട്

കൊച്ചയ്യത്തു വീട്ടിൽ സരസമ്മയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. ഉദ്ദേശം 75000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി റവന്യൂ അധികൃതർ അറിയിച്ചു.

അയണിവേലിക്കുളങ്ങര

കമ്പിയിൽ മേക്കതിൽ ദാമോദരന്റെ വീട് കാറ്റിൽ ഭാഗികമായി തകർന്ന് വീണു.

തഴവ

കടത്തൂർ കരിപ്പോലിൽ തറയിൽ പ്രസാദിന്റെ വീടിന്റെ മുകളിൽ മരം വീണ് അടുക്കള ഭാഗം പൂർണമായും തകർന്നു. 20000 രൂപയുടെ നഷ്ടം സംഭവിച്ചതായി വില്ലേജ് ഓഫീസിൽ നിന്ന് അറിയിച്ചു.

ആലപ്പാട് പഞ്ചായത്തിൽ

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടൽ ക്ഷോഭത്തെ തുടർന്ന് വെള്ളനാതുരുത്ത് ഇടയില വീട്ടിൽ സതി, വെള്ളനാതുരുത്ത് കൊച്ചു മുറിയിൽ അനുരാജൻ, രാഗേന്ദു ഭവനത്തിൽ തങ്കമണി, മംഗലത്ത് ശ്രീദേവി എന്നിവരുടെ വീടുകൾ കടലാക്രമണത്തിൽ ഭാഗികമായി തകർന്ന് വീണു.

തൊടിയൂർ വില്ലേജിൽ

തൊടിയൂർ നോർത്ത് മുറിയിൽ ജി.എസ്.ഭവനത്തിൽ ശശികുമാറിന്റെ വീടിന് മുകളിൽ മരം വീണ് വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. 20000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഓച്ചിറ

മഠത്തിൽകാരായ്മയിൽ കൃഷ്ണ ഭവനത്തിൽ ഗോപാലകൃഷ്ണന്റെ വീട്ടു വളപ്പിലെ കിണർ ഇടഞ്ഞ് താണു. ശക്തമായ കാറ്റിൽ മരങ്ങൾ വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി ബന്ധം തകരാറിലായി. പല സ്ഥലങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുന: സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഓച്ചിറ, ആലപ്പാട്, ഇടക്കുളങ്ങര, പുതിയകാവ്, ചിറ്റുമൂല, കെ.ഐ.പി ജംഗ്ഷൻ എന്നിവിടങ്ങളിൽ വീണ മരങ്ങൾ ഫയർഫോഴ്സ് എത്തി മുറിച്ച് മാറ്റി.

തീര പ്രദേശങ്ങൾ വെള്ളക്കെട്ടിൽ

തോരാതെ പെയ്യുന്ന മഴയിൽ കരുനാഗപ്പള്ളിയുടെ തീര പ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടായി മാറി. നിരവധി വീടുകളിൽ വെള്ളം കയറി. വീശിയടിച്ച കാറ്റിൽ വാഴകൾ പൂർണമായും നിലംപതിച്ചു. ചീനി, ചേന, ചേമ്പ് തുടങ്ങിയ ഇടവിള കൃഷികളും പച്ചക്കറി കൃഷിയും വെള്ളം കയറി വ്യാപകമായി നശിച്ചു. തഴത്തോടുകളും കായലുകളും കരകവിഞ്ഞ് ഒഴുകുകയാണ്.

9 ദുരിതാശ്വാസ ക്യാമ്പുകൾ

കനത്ത മഴയെ തുടർന്ന് കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 9 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. 250 ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. 7 ക്യാമ്പുകളും ആലപ്പാട്ട് പഞ്ചായത്തിലാണ്. ആലപ്പാട് നിന്ന് മാറ്റി പാർപ്പിച്ച 200 ഓളം ആളുകളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് രോഗിയെ വള്ളിക്കാവ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ജില്ലാമെഡിക്കൽ ഓഫീസർ ഡോ.ശ്രീലത,​ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർമാരായ ഡോ. സന്ധ്യ,​ ഡോ.മണികണ്ഠൻ,​ ഡോ.സാജൻ ബാബു,​ മെഡിക്കൽ ഓഫീസർ ഡോ.മേഴ്സി വില്ല്യം ,​ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എന്നിവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർ ആന്റിജൻ ടെസ്റ്റിന് വിധേയരാവണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.