160 വീടുകൾ തകർന്നു
കൊല്ലം: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം. ആറ് താലൂക്കുകളിലായി ആകെ 160 വീടുകൾ തകർന്നു. വീടുകളുടെ നഷ്ടം രണ്ടുകോടിയിലേറെ വരും. മരങ്ങൾ കടപുഴകിയാണ് കൂടുതൽ വീടുകളും നശിച്ചത്.
കാറ്റിലും വ്യാപകമായി വീടുകളുടെ മേൽക്കൂര തകർന്നു. ഇരവിപുരത്തും പൊഴിക്കരയിലും അഴീക്കലും കടലാക്രമണം ശക്തമാണ്. തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ, മൺറോത്തുരുത്ത്, ആലപ്പാട്, വടക്കുംതല, തെക്കുംഭാഗം, എന്നിവിടങ്ങളിൽ പ്രളയസമാനമായ സ്ഥിതിയാണ്. കൊല്ലം താലൂക്കിൽ രണ്ടും കരുനാഗപ്പള്ളിയിൽ ഏഴും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. രണ്ടിടത്തുമായി 235 പേരാണുള്ളത്.
ജില്ലയിൽ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളിലും ഇന്നലെ വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. തീരദേശത്ത് 400 ലേറെ വീടുകൾ വെള്ളത്തിലാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കൊവിഡ് രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.
ദുരിതാശ്വാസ ക്യാമ്പുകളിൽ: 09
കഴിയുന്നവർ: 235 പേർ
സജ്ജമാക്കിയ ക്യാമ്പുകൾ: 175 (ആറ് താലൂക്കുകൾ)
വൈദ്യുതിയുമില്ല, മൊബൈൽ റേഞ്ചുമില്ല
ജില്ലയിൽ പലയിടത്തും തകരാറിലായ വൈദ്യുതി ബന്ധവും മൊബൈൽ സേവനങ്ങളും ഇന്നലെ വൈകിയും പൂർണതോതിൽ പുനഃസ്ഥാപിക്കാനായിട്ടില്ല. മരങ്ങൾ വീണും വൈദ്യുതി തൂണുകൾ ഒടിഞ്ഞുമാണ് അപകടങ്ങൾ. നഗരത്തിലുൾപ്പെടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈകിട്ടോടെയേ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനാവൂ.
സ്വകാര്യ മൊബൈലുകൾക്കൊപ്പം ബി.എസ്.എൻ.എല്ലിനും പലയിടത്തും സേവനങ്ങൾ നഷ്ടമായി. ഇൻകമിംഗ് കാളുകൾക്കൊപ്പം ഇന്റർനെറ്റ് സേവനങ്ങളും ലഭിക്കാത്ത അവസ്ഥയാണ്. ടവറുകളിൽ സ്ഥാപിച്ചിട്ടുള്ള ബൂസ്റ്ററുകൾക്ക് ചാർജ് ഇല്ലാത്തതാണ് സേവനം നഷ്ടമാകാൻ കാരണം.
ജില്ലയിലെ താലൂക്കുകളുടെ നേർച്ചിത്രം
കൊല്ലം
1. നൂറിലേറെ വീടുകൾ വെള്ളത്തിൽ
2. 42 വീടുകൾ തകർന്നു
3. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 200 പേർ
4. തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ, മൺറോത്തുരുത്ത് എന്നിവിടങ്ങൾ വെള്ളത്തിൽ
5. തീരദേശത്ത് കടലാക്രമണം രൂക്ഷം
കരുനാഗപ്പള്ളി
1. ആലപ്പാട്, വടക്കുംതല, തെക്കുംഭാഗം എന്നിവിടങ്ങൾ വെള്ളക്കെട്ടിൽ
2. 25 വീടുകൾ തകർന്നു
3. ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിൽ 200 പേർ
4. തീരത്ത് രൂക്ഷമായ കടലാക്രമണം. അഴീക്കലിൽ വീടുകൾ തകർന്നു
5. വൈദ്യുതിയും ഫോൺ ബന്ധവും ഇല്ലാതായി
കുന്നത്തൂർ
1. 28 വീടുകൾ തകർന്നു
2. ശാസ്താംകോട്ട, ശൂരനാട് തെക്ക്, വടക്ക്, പോരുവഴി, കുന്നത്തൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം
3. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നു. പുനഃസ്ഥാപിച്ചിട്ടില്ല
4. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടിൽ
കൊട്ടാരക്കര
1. 18 വീടുകൾ തകർന്നു
2. നൂറുകണക്കിന് റബർ മരങ്ങൾ നിലം പൊത്തി
3. കൂടുതൽ വീടുകൾ തകർന്നത് മാങ്കോട്, വാളകം, കരീപ്ര, ചിതറ വില്ലേജുകളിൽ
പത്തനാപുരം
1. 18 വീടുകൾ തകർന്നു
2. ലക്ഷങ്ങളുടെ കൃഷിനാശം
3. ഓണക്കാലത്തേയ്ക്ക് കൃഷി ചെയ്തിരുന്ന ഏത്തവാഴകൾ ഒടിഞ്ഞുവീണു. പച്ചക്കറി കൃഷിയും നിലം പൊത്തി
4. മരങ്ങൾ കടപുഴകി ഇടറോഡുകളിൽ ഗതാഗതം മുടങ്ങി
പുനലൂർ
1. 29 വീടുകൾ തകർന്നു
2. തിരുമംഗലം ദേശീയപാതയിൽ മരങ്ങൾ വീണ് ഗതാഗതം മുടങ്ങി
3. ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ തമിഴ്നാട്ടിൽ നിന്നുള്ള ലോറി വരവ് നിലച്ചു
4. മലയോര മേഖല ഉരുൾ പൊട്ടൽ ഭീതിയിൽ
5. ചെക്ക് പോസ്റ്റിലെ ലോക് ഡൗൺ പരിശോധകൾ താളം തെറ്റി