dam
കനത്ത മഴയത്തും ജലനിരപ്പ് ഉയരാത്ത തെന്മല പരപ്പാർ അണക്കെട്ടിൻെറ വൃഷ്ടി പ്രദേശം വരണ്ട നിലയിൽ.

പുനലൂർ: കിഴക്കൻ മലയോര മേഖലിൽ കനത്ത മഴ തുടരുമ്പോഴും തെന്മല പരപ്പാർ അണക്കെട്ടിൽ ജല നിരപ്പ് ഉയരാത്തത് ആശങ്കയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി മഴ പെയ്തിട്ടും പരപ്പാർ അണക്കെട്ട് വരണ്ട അവസ്ഥയിലാണ് . പുനലൂർ താലൂക്കിലും സമീപത്തെ പഞ്ചായത്തുകളിലും ശക്തമായ മഴയാണ് പെയ്യുന്നത്. എന്നാൽ മഴ ശക്തമായെങ്കിലും 115.72 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 97.00 മീറ്റർ നിലനിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് കല്ലട ഇറിഗേഷൻ അസി.എകസിക്യൂട്ടീവ് എൻജിനീയർ ശിവശങ്കരൻ നായർ അറിയിച്ചു. മഴ കനത്തതോടെ അണക്കെട്ടിൽ നിന്ന് കെ.ഐ.പിയുടെ ഇടത്, വലത്കര കനാലുകൾ വഴിയുള്ള ജല വിതരണം വ്യാഴാഴ്ച നിറുത്തി വച്ചു. മഴ തുടരുന്നത് കണക്കിലെടുത്ത് ഇന്നലെ രാവിലെ മുൻ മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും അണക്കെട്ടും സമീപ പ്രദേശങ്ങളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കല്ലട ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ടെസി മോൻ, അസി.എൻജിനീയർമാരായ മണിലാൽ, ശിവശങ്കരൻ നായർ തുടങ്ങിയ ഉദ്യോഗസ്ഥരും കെ.രാജുവിനൊപ്പം അണക്കെട്ട് പരിശോധിക്കാൻ എത്തിയിരുന്നു.