ചാത്തന്നൂർ: ആർത്തലച്ച് പെയ്യുന്ന മഴയിലും വീശിയടിച്ച കാറ്റിലും ചാത്തന്നൂരിൽ വ്യാപകനാശം. മണ്ഡലത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രളയസമാനം വെള്ളം കയറി. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകിയും ഒടിഞ്ഞും വീണതിനെ തുടർന്ന് മിക്ക പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. രണ്ട് ദിവസമായിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. നിരവധി വീടുകൾ പൂർണമായും ചിലത് ഭാഗികമായും തകർന്നു. വിവിധയിടങ്ങളിൽ കിണറുകളും ഇടിഞ്ഞുതാണു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് സമീപത്തെ പുളിമരം കടപുഴകി. കാർ പൂർണമായി തകരുകയും ആയൂർ - ഇത്തിക്കര റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു. പരവൂർ അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ചാത്തന്നൂർ പഞ്ചായത്തിലെ ചേന്നമത്ത് കുറുങ്ങൽ ഏലായിൽ അറുപതേക്കറോളം നെൽവയലിൽ വെള്ളം കയറി ഒരുമാസത്തോളം പാകമായ ഞാറുകൾ നശിച്ചു. മീനാട് ഏലായിലും ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായിലും സമാനമായ സ്ഥിതിയാണ്. പോളച്ചിറ ഏലായ്ക്ക് സമീപം തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കല്ലുവാതുക്കൽ ശ്രീരാമപുരത്ത് ദേശീയപാതയിലും വേളമാനൂരിൽ വീടിന് സമീപവും അപകടാവസ്ഥയിൽ നിന്ന മരങ്ങൾ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി.
ദുരിതാശ്വാസ ക്യാമ്പുകൾ
ഇത്തിക്കരയാറ് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മൈലക്കാട് മൂഴിയിൽ ഭാഗത്തുള്ളവരെ ബന്ധു വീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റി. ഏഴ് കുടുംബങ്ങളിൽ നിന്നായി 14 പേരെയാണ് മൈലക്കാട് ഗവ. എൽ.പി.എസിലെ ക്യാമ്പിലേക്ക് മാറ്റിയത്. ആദിച്ചനല്ലൂർ യു.പി സ്കൂളിലും ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ രാജി അറിയിച്ചു.
ചാത്തന്നൂർ പഞ്ചായത്തിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ഇരുപത്തിയഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ ബന്ധുവീടുകളിലേക്കും കോട്ടുവാതുക്കൽ, കോയിപ്പാട്, താഴത്തുചേരി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാണ് മാറ്റിയത്. കുടുക്കറപ്പണയിൽ വെള്ളം കയറിയ രണ്ട് വീടുകളിലുള്ളവർക്ക് താത്കാലികമായി താമസിക്കുന്നതിന് ഒഴിഞ്ഞുകിടന്ന പഞ്ചായത്ത് അധികൃതർ വീടുകൾ ഏറ്റെടുത്തുനൽകി.
ചിറക്കര പഞ്ചായത്തിലെ ഇടവട്ടം ഭാഗത്ത് മഴ പരക്കെ നാശം വിതച്ചു. ചിറക്കര വില്ലേജ് ഓഫീസർ ജി. ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിൽ റവന്യൂ അധികൃതർ മഴക്കെടുതികൾ വിലയിരുത്തി. ഉളിയനാട് ഗവ. ഹൈസ്കൂളിലും എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലും ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഇത്തിക്കരയാർ കരകവിഞ്ഞു
ഇത്തിക്കരയാർ ജലനിരപ്പ് ഉയർന്ന് കുമ്മല്ലൂർ തോണിക്കടവ് പാലത്തിന് സമീപത്ത് നിന്ന് സ്വകാര്യ മെഡിക്കൽ കോളജിലേക്കുള്ള ബൈപ്പാസ് റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ആദിച്ചനല്ലൂർ പഞ്ചായത്തിലെ മൈലക്കാട് മൂഴിയിൽ ഭാഗത്ത് മുപ്പതോളം വീടുകളിലും ചാത്തന്നൂർ പഞ്ചായത്ത് പരിധിയിലെ ഞവരൂർ കടവിൽ എട്ടോളം വീടുകളിലും വെള്ളം കയറി.