കൊട്ടാരക്കര: രണ്ടു ദിവസമായി തുടരുന്ന പേമാരിയിലും ശക്തമായ കാറ്റിലും താലൂക്കിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. രണ്ടു വീടുകൾ പൂർണമായും 34 വീടുകൾ ഭാഗീകമായും തകർന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വൻതോതിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പുലമൺ തോടും മിക്ക പ്രദേശങ്ങളിലെ ഏലാത്തോടുകളും കരകവിഞ്ഞൊഴുകുകയാണ്. വാളകം അകമൺ എന്ന സ്ഥലത്ത് എം.സി റോഡിലേക്ക് സമീപത്തുള്ള തോട്ടിൽ നിന്ന് വെള്ളം ഇരച്ചുകയറി ഗതാഗതം തടസപ്പെട്ടു. സംഭവം അറിഞ്ഞ് തഹസീൽദാർ ശ്രീകണ്ഠൻ നായർ , കെ.എസ്.ടി.പി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സമീപത്തെ വസ്തു ഉടമയുമായി സംസാരിച്ച് താത്ക്കാലിക കനാൽ ഉണ്ടാക്കി വെള്ളം തിരിച്ചു വിട്ടു.
ഏലാകളിലെ കാർഷിക വിളകൾക്കാണ് കനത്ത നാശം സംഭവിച്ചത്. മരച്ചീനി,വാഴ, വെറ്റില, പച്ചക്കറികൾ, ചേന ,ചേമ്പ്, വൻ മരങ്ങളായ തെങ്ങ്, മാവ്, പ്ളാവ് തേക്ക് തുടങ്ങിയവയും നിലംപൊത്തി. കൊട്ടാരക്കര നഗരസഭ, നെടുവത്തൂർ ,നീലേശ്വരം, വാളകം, വല്ലം, മൈലം, ഇഞ്ചക്കാട്, കോട്ടാത്തല, കല്ലുവാതുക്കൽ, ആറ്റുവാശ്ശേരി, അന്തമൺ, കരിമ്പിൻകുഴി , നെല്ലിക്കുന്നം, തുടങ്ങിയ പ്രദേശങ്ങളിൽ മഴ വ്യാപകമായ നാശം വിതച്ചു. പുലമൺ ജംഗ്ഷനിൽ ബാലകൃഷണനാചാരിയുടെ വീടിന്
മേൽ പുളിമരം കടപുഴകി വീണ് വീട് തകർന്നു.നീലേശ്വരം കല്ലുവാതുക്കൽ അജിഭവനിൽ രാജേന്ദ്രന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ നിലംപതിച്ചു. വാളകത്ത് മരംവീണും വല്ലത്ത് മതിലിടിഞ്ഞും വീടുകൾ തകർന്നിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശ നഷ്ടങ്ങൾ വിലയിരുത്തി വരുന്നു. നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാൽ പുലമൺ ബാലകൃഷ്ണനാചാരിയുടെ വീട് സന്ദർശിച്ച് അടിയന്തര സഹായമായി 25000 രൂപ വ്യക്തിപര സഹായമായി നൽകി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനായി എൻ.ഡി.ആർ.എഫിന്റെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പടെ 24 അംഗങ്ങൾ അടങ്ങിയ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് .