meditrina

കൊല്ലം: കൊവിഡ് ചികിത്സയുടെ പേരിൽ അമിത ബിൽ ഈടാക്കുന്നതായി സ്വകാര്യ ചാനലിൽ വാർത്ത വന്നതിന് പിന്നാലെ ഒരുവിഭാഗം അവസരം മുതലെടുക്കുകയാണെന്ന് അയത്തിൽ മെഡിട്രീന ആശുപത്രി അധികൃതർ. ചികിത്സയ്ക്ക് ശേഷം ബിൽ അടയ്ക്കാതെ മറ്റുള്ളവരുടെ ഒത്താശയോടെ ഇവർ ആശുപത്രി വിടുകയാണ്. കഴിഞ്ഞ 8നാണ് സ്വകാര്യ ചാനലിൽ വാർത്ത വന്നത്.

ഏപ്രിൽ 19ന് കൊവിഡ് ബാധിതയായി അത്യാസന്ന നിലയിൽ അൻപതുകാരിയെ പ്രവേശിപ്പിക്കുകയും 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷം അമിത ബിൽ നൽകിയതായുമാണ് വാർത്ത വന്നത്. ക്രിട്ടിക്കൽ കെയർ ചികിത്സയെ തുടർന്ന് നാലര ലക്ഷം രൂപയാണ് രോഗിക്ക് നൽകിയത്. സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരം ഏകദേശം നാല് ലക്ഷം രൂപയ്ക്ക് മുകളിൽ വരുമെന്നും ആശുപത്രി അധികൃതർ പറയുന്നു. സ്വകാര്യ ചാനലിൽ വാർത്ത വന്നതിനെ തുടർന്ന് ഇവർ 1,45,000 രൂപ മാത്രമാണ് അടച്ചത്. അവസരം മുതലെടുത്ത് മറ്റുള്ളവരും ബിൽ അടയ്ക്കാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിക്കും ജില്ലാ - സംസ്ഥാന ഭരണകൂടങ്ങൾക്കും പരാതി നൽകിയതായും അദികൃതർ പറഞ്ഞു.

ടെർഷറി കെയർ റെഫറൽ സെന്ററായ മെഡിട്രീന ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലെത്തുന്ന 95 ശതമാനത്തിൽ കൂടുതൽ രോഗികളും സുഖം പ്രാപിക്കുന്നതായും മാനേജ്‌മെന്റ് അവകാശപ്പെട്ടു. നാനൂറോളം ജീവനക്കാരും 104 കിടക്കകളും ആറ് ഓപ്പറേഷൻ തിയേറ്ററുമുള്ള ആശുപത്രിയിൽ കാത്ത് ലാബ്, ഒ.സി.ടി, ഐവസ്, റൊട്ടാബ്ലേഷൻ, ലേബർ സ്യൂട്ട് തുടങ്ങി അത്യാധുനിക സൗകര്യങ്ങളുണ്ടെന്നും എൻ.എ.ബി.എച്ച് അക്രഡിഷനോട് കൂടിയാണ് പ്രവർത്തിക്കുന്നതെന്നും ഇവർ അറിയിച്ചു.