ശാസ്താംകോട്ട : രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കുന്നത്തൂർ താലൂക്കിൽ നിരവധി വീടുകൾ ഭാഗികമായി തകരുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനം വന്നിട്ടുണ്ടെങ്കിലും ശക്തമായ മഴയ്ക്കൊപ്പം കനാൽ തുറന്നു വിട്ടതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പടിഞ്ഞാറെ കല്ലട, പോരുവഴി ,മൈനാഗപ്പള്ളി, ശൂരനാട് വടക്ക് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണതാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണം. പടിഞ്ഞാറെ കല്ലട - 15, പോരുവഴി - 12, ശാസ്താംകോട്ട - 7 - മൈനാഗപ്പള്ളി - 4, ശൂരനാട് തെക്ക്- 4, ശൂരനാട് വടക്ക് - 1, കുന്നത്തൂർ - 1 എന്നിങ്ങനെ വീടുകൾ ഭാഗികമായി തകർന്നു.നാശനഷ്ടങ്ങളുണ്ടായ വീടുകൾ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സന്ദർശിച്ച് റിപ്പോർട്ട് നൽകി .പള്ളിക്കലാർ കര കവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ടി വന്നാൽ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ക്യാമ്പ് തുറക്കും. ഇന്നലെ വൈകിട്ടോടെ പല മേഖലകളിലും
വൈദ്യുതി പുന:സ്ഥാപിച്ചു.