എഴുകോൺ: തുടർച്ചയായി പെയ്യുന്ന മഴയിലും കാറ്റിലും പ്രദേശത്ത് വ്യാപക കൃഷി നാശം. എഴുകോൺ,​ കടമാൻകോണം, ഇരുമ്പനങ്ങാട് ,​വട്ടമൺക്കാവ്, മൂഴി ഭാഗം, കക്കകൊട്ടൂർ, വാക്കനാട് തുടങ്ങിയ ഭാഗങ്ങളിലായി നിരവധി വാഴകളും കിഴങ്ങ് വിളകളും നശിച്ചു. എഴുകോൺ കടമാൻകോണം ഏലയിൽ ഭാസ്കര മന്ദിരത്തിൽ അനിൽകുമാറിന്റെ നൂറോളം മരച്ചീനി, ഇരുപതോളം വാഴകൾ, ലാൽ മന്ദിരത്തിൽ ഹരീഷിന്റെ അമ്പതോളം കുലച്ച കപ്പ വാഴകളും ഒടിഞ്ഞ് വീണു. വട്ടമൺക്കാവ് ലെനിൻ ഭവനിൽ ലെനിൻ, മൂഴിയിൽ തെങ്ങുവിള പുത്തൻ വീട്ടിൽ തമ്പാൻ, മോഹന വിലാസത്തിൽ സജീവ് രാജ്, സത്യശീലൻ എന്നിവരുടെ ഇരുനൂറോളം ഏത്താവാഴകളും ഒടിഞ്ഞ് വീണു. മഴ തോരാതെ നിൽക്കുന്നതിനാൽ പല കർഷകർക്കും കൃഷി ഭൂമിയിൽ പോകാൻ കഴിയാത്തിനാൽ പൂർണമായ കണക്കുകൾ ലഭ്യമായിട്ടില്ല.