manro

കൊല്ലം: അഷ്ടമുടി കായലിൽ ശക്തമായ തിരയും വേലിയേറ്റവും ഉണ്ടായതിനെ തുടർന്ന് മൺറോത്തുരുത്തും പെരുങ്ങാലവും വെള്ളത്തിൽ മുങ്ങി. ഇതോടെ സ്ഥിതി ആശങ്കാജനകമാണ്. വേലിയേറ്റ സമയത്ത് വെള്ളക്കെട്ടുണ്ടാകാറുണ്ടെങ്കിലും മൺറോത്തുരുത്ത് പൂർണമായും വെള്ളത്തിനടിയിലാകുന്ന കാഴ്ചയാണ് നിലവിലുള്ളത്.

രണ്ട് ദിവസമായുള്ള മഴയും കാറ്റിനെയും തുടർന്ന് കഴിഞ്ഞദിവസം വൈകിട്ട് മൂന്നോടെ വേലിയേറ്റവും തിരയും ശക്തമാവുകയായിരുന്നു. മൺറോത്തുരുത്തിലെ കൺട്രാംകാണി, പട്ടംതുരുത്ത് ഈസ്റ്റ്, വെസ്റ്റ്, നെന്മേനി തെക്ക്, കിടപ്രം വടക്ക്, തെക്ക് ഭാഗങ്ങളിലും പെരിങ്ങാലത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

കിടപ്രം, ലക്ഷംവീട്, ജയന്തി കോളനികളിലെ പല വീടുകളുടെയും മേൽക്കൂരയിലെ ഷീറ്റുകളും കാറ്റിൽ ഇളകിമാറി. മത്സ്യക്കൃഷി കൂടുതലായുള്ള മൺറോത്തുരുത്തിൽ അത്തരത്തിലുള്ള നാശനഷ്ടവും വലുതാണ്. ചെമ്മീൻ, കരിമീൻ വളർത്ത് കുളങ്ങളിൽ ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായാതായി കണക്കാക്കുന്നു.വൈദ്യുതി ബന്ധം ഇല്ലാത്തതിനാൽ പമ്പ് ഹൗസുകളും പ്രവർത്തിക്കുന്നില്ല. ഇതോടെ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.

തകർന്ന വീടുകൾ: 122

വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു

1. പെട്ടെന്നുള്ള വേലിയേറ്റത്തിൽ പെരുങ്ങാലം നിവാസികൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാനായില്ല

2. അഷ്ടമുടി, പെരുമൺ ഭാഗത്തേക്ക് ജലമാർഗം മാത്രമേ സഞ്ചാരിക്കാനാവൂ

3. ഇപ്പോഴത്തെ അവസ്ഥയിൽ സുരക്ഷിത സ്ഥാനങ്ങളിലെത്താൻ സാദ്ധ്യമല്ല

4. അഷ്ടമുടി കായൽ, കല്ലടയാർ എന്നിവയാൽ ചുറ്റപ്പെട്ടതിനാൽ മൺറോത്തുരുത്ത്, പെരുങ്ങാലം പ്രദേശങ്ങൾ ഒറ്റപ്പെട്ടു