കൊല്ലം: തീവ്ര ന്യൂനമർദ്ദത്തെ തുടർന്ന് പ്രളയ സമാനമായ സാഹചര്യമാണ് ജില്ലയിലുള്ളതെന്നും ജില്ലയ്ക്ക് അടിയന്തര സാമ്പത്തിക പാക്കേജ് സംസ്ഥാന സർക്കാർ അനുവദിക്കണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. കടലേറ്റം മൂലം കരുനാഗപ്പള്ളി, ആലപ്പാട് പഞ്ചായത്തുകളിൽ സ്ഥിതി അതിരൂക്ഷമാണ്. വിവിധയിടങ്ങളിൽ വീടുകളിൽ കടൽ ജലം കയറി. ആലപ്പാട് മേഖലയിൽ മൂന്ന് വീടുകൾ തകർന്നു. തീരമേഖലകളായ ശക്തികുളങ്ങര, നീണ്ടകര, ചവറ, പരവൂർ, ഇരവിപുരം മേഖലകളിലും കടൽക്ഷോഭം രൂക്ഷമാണ്. വേലിയേറ്റം മൂലം മൺറോത്തുരുത്ത് നിവാസികളും ദുരിതത്തിലാണ്. ജില്ലയിലെ കൃഷിനാശവും വലുതാണ്. ദുരിത മേഖലയിലുള്ളവരെ മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടർ സ്വീകരിക്കണമെന്നും മഴയെ തുടർന്ന് വാക്സിനേഷൻ, കൊവിഡ് പ്രതിരോധം തുടങ്ങിയ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാനുള്ള നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ മുൻകൈയെടുക്കണമെന്നും ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.