ചാത്തന്നൂർ: മന്ത്രകോടിയുടെ പുതുമണം മാറും മുമ്പ് വിധി കവർന്ന പ്രിയതമന്റെ വേർപാടിൽ നിന്ന് മോചിതയാകാൻ രാജലക്ഷ്മിക്ക് ഇനിയുമായിട്ടില്ല. വിവാഹത്തിന്റെ ഇരുപതാംനാൾ വിധവയായ പെൺകുട്ടിയെ സാന്ത്വനിപ്പിക്കാനാകാതെ പകച്ചുനിൽക്കുകയാണ് ബന്ധുക്കളും.
കൊവിഡ് പശ്ചാത്തലത്തിൽ ഒരുപാട് ആലോചനകൾക്ക് ശേഷമാണ് കടയ്ക്കൽ ഇരട്ടക്കുളം അനീഷ് ഭവനിൽ സോമന്റെയും ബേബി ഗിരിജയുടെയും മകൻ അനീഷിന്റെയും (30) അഞ്ചൽ സ്വദേശിയായ രാജലക്ഷ്മിയുടെയും (23) വിവാഹം ഏപ്രിൽ 25ന് നടന്നത്. ഇരുവരും കൈപിടിച്ച് വലതുകാൽവച്ച് കയറിയതിൽ പിന്നെ സന്തോഷം മാത്രമായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ അനീഷ് ഭവനിലാകെ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനീഷിന്റെ മാതൃസഹോദരിയായ പാരിപ്പള്ളി എഴിപ്പുറം പുതുവിള പുത്തൻവീട്ടിൽ ചന്ദ്രിക (64) കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണമായതിനാൽ രാജലക്ഷ്മി ഉൾപ്പെടെയുള്ളവരെ അടുത്ത വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ശനിയാഴ്ച സംസ്കാര കർമ്മങ്ങൾക്ക് അനീഷ് നേതൃത്വം നൽകിയത്. ചിതയ്ക്ക് തീകൊളുത്തുന്നതിനിടെ വീശിയടിച്ച കാറ്റിൽ സമീപത്ത് നിന്നിരുന്ന റബർ മരം വൈദ്യുതി ലൈനിനൊപ്പം അനീഷിന്റെ ദേഹത്തേക്ക് പതിച്ചു.
ചെറിയ അപകടമെന്നാണ് രാജലക്ഷ്മിയോട് പറഞ്ഞിരുന്നത്. പക്ഷെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അനീഷ് മരിച്ചിരുന്നു. അപ്പോഴും രാജലക്ഷ്മിയെ ആരും ഒന്നും അറിയിച്ചില്ല. ഉച്ചയോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി കടയ്ക്കലിലേയ്ക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രിയതമൻ ഇനി ഒപ്പമുണ്ടാകില്ലെന്ന സത്യം രാജലക്ഷ്മി അറിയുന്നത്. വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പിലെത്തിച്ച് സംസ്കരിച്ചു. മകളുടെ വിഷമം സഹിക്കാനാകാതെ രാജലക്ഷ്മിയുടെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കണ്ണീരോടെ അവൾ നിരസിക്കുകയാണുണ്ടായത്.