kseb

കൊല്ലം: വൈദ്യുതി മുടങ്ങി ഒരുദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ വൈദ്യുതി പുനഃസ്ഥാപിച്ച് അധികൃതർ. പെരുമ്പുഴ സെക്ഷൻ പരിധിയിൽ കേരളപുരം - മാമ്പുഴ മേഖലയിലുള്ള എൺപതോളം വീടുകളിലാണ് കഴിഞ്ഞ ദിവസം മുതൽ വൈദ്യുതി മുടങ്ങിയത്.

വീടുകൾക്ക് മുന്നിലുള്ള തെരുവുവിളക്കുകൾ തെളിയുകയും തൊട്ടടുത്തുള്ള സ്ഥാപനങ്ങളിൽ വൈദ്യുതി എത്തുകയും ചെയ്തിട്ടും കുറച്ചു വീടുകളിൽ മാത്രം വൈദ്യുതിയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ട്രാൻസ്ഫോർമർ കേടായതാണ് പുനഃസ്ഥാപിക്കാൻ തടസമായി സെക്ഷൻ ഉദ്യോഗസ്ഥർ പറഞ്ഞതെങ്കിലും അതേ ട്രാൻസ്ഫോർമർ പരിധിയിലിലുള്ള മറ്റിടങ്ങളിൽ വൈദ്യുതി വിതരണം തടസമില്ലാതെ തുടരുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്നലെ രാത്രി ഒൻപതോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടത്. പ്രകൃതിക്ഷോഭം മൂലം 50 ഓളം വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ചതായും സെക്ഷൻ അധികൃതർ അറിയിച്ചു.