അഞ്ചൽ: തോട്ടം മേഖലയിൽ കൊവിഡ് വ്യാപിക്കുന്നത് ആളുകളെ ആശങ്കയിലാക്കുന്നു. പ്രദേശത്ത് പൊലീസും ഗ്രാമപഞ്ചായത്തുകളും നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. ആർ.പി.എൽ,​ ഓയിൽ പാം തുടങ്ങിയ സ്ഥാപനങ്ങളിലെ തൊളിലാളികൾക്കും കുടുംബാംഗങ്ങൾക്കുമിടയിലാണ് കൊവിഡ് വ്യാപിക്കുന്നത്. ആർ.പി.എല്ലിന്റെ ഏരൂർ പഞ്ചായത്തിലെ കേളൻ കാവ് കുളത്തൂപ്പുഴ ക്വാർട്ടേഴ്സുകളിലും ഓയിൽ പാംമിന്റെ ഏരൂർ പഞ്ചായത്തിലെ വിവിധ ക്വാർട്ടേഴ്സുകളിലുമാണ് തൊഴിലാളികളിൽ മിക്കവരും കഴിയുന്നത്. ക്വാർട്ടേഴ്സുകളിലെ സ്ഥലക്കുറവും ഇടുങ്ങിയ സ്ഥലത്തെ ജീവിതവുമാണ് കൊവിഡ് വർദ്ധിക്കാൻ കാരണം. കുളത്തൂപ്പുഴയിൽ ആധുനിക സൗകര്യങ്ങളോടെ ക്വാർട്ടേഴ്സ് നിർമ്മിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികളെ ഇതുവരെ അങ്ങോട്ട് മാറ്റിയിട്ടില്ല.

ആശ്വാസമായി ഏരൂർ പഞ്ചായത്ത്

ഏരൂർ പഞ്ചായത്തിലെ ഭാരതീപുരം ഓയിൽ പാം കൺവെൻഷൻ സെന്ററിൽ നൂറ് കിടക്കൾ ഉള്ള ഡൊമിസിലിയറി കെയ‌ർ സെന്റർ തയ്യാറാക്കിയിട്ടുള്ളത് തൊഴിലാളികൾക്ക് ആശ്വാസമായിട്ടുണ്ട്. 40ൽ പരം ആർ.പി.എൽ തൊഴിലാളികൾ ഈ സെന്ററിൽ നിലവിൽ ചികിത്സയിലുണ്ട്. സെന്ററിലേക്ക് ഏരൂർ ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി 20 ടോയ്ലറ്റ് സൗകര്യം തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ടി.അജയൻ പറഞ്ഞു. കൊവിഡും മറ്റ് രോഗങ്ങളും ഉളളവർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് മൊബൈൽ ചികിത്സാ യൂണിറ്റ് രൂപീകരിക്കുന്നതിനുളള നടപടികളും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ജില്ലയിലെ തന്നെ ഏറ്റവും മികച്ച രീതിയിലുളള ഡൊമിസിലിയറി കെയർ സെന്ററാണ് ഏരൂർ പഞ്ചായത്തിന്റേതെന്ന് ജില്ലാ തല അവലോകന യോഗത്തിൽ ജില്ലാ കളക്ടറും പുനലൂർ ആ‌.ഡി.ഒയും അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം നിയുക്ത എം.എൽ.എ പി.എസ്. സുപാൽ വിളിച്ചു ചേർത്തിരുന്നു. കൊവിഡ് നിയന്ത്രിക്കാൻ സത്വരമായ നടപടികൾ ഉണ്ടാകണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ശക്തമായ പരിശോധനകളും നിയന്ത്രണങ്ങളും

അഞ്ചൽ മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി നാനൂറോളം കൊവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇടമുളയ്ക്കൽ പഞ്ചായത്തിൽ കൊവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വാ‌ർഡുതല ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിന് പ്രസിഡന്റ് സുജാ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. അഞ്ചൽ, ഏരൂർ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ സർക്കിൾ ഇൻസ്പെക്ടർ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളും നിയന്ത്രണങ്ങളും നടക്കുന്നു.

ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പൊലീസിനെ സമീപിച്ചാൽ എല്ലാ സഹായവും ഉറപ്പാക്കും.

(സി.എൽ. സുധീർ, സർക്കിൾ ഇൻസ്പെക്ടർ ഒഫ് പൊലീസ്)