കൊല്ലം: കൊല്ലം ബീച്ച് ശുചീകരിച്ച് സ്ഥിരമായി ഫുട്ബാൾ മൈതാനം പോലെയാക്കാൻ ജർമ്മനിയിൽ നിന്ന് സർഫ് റേക്കറെത്തി. ഈ യന്ത്രം പ്ലാസ്റ്റിക്ക് അടക്കമുള്ള എല്ലാ മാലിന്യങ്ങളും സംഭരിക്കുന്നതിനൊപ്പം കുന്നും കുഴികളും ഒഴിവാക്കി തീരം നിരാപ്പാക്കുകയും ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബീച്ചിൽ ഇത്തരമൊരു യന്ത്രം എത്തുന്നത്.
കൊച്ചി എൽ.എൻ.ജി പെട്രോ നെറ്റ് 35 ലക്ഷം രൂപ ചെലവിലാണ് സർഫ് റേക്കർ തീരദേശ വികസന കോർപ്പറേഷന് വാങ്ങി നൽകിയത്. ട്രാക്ടറിന്റെ മാതൃകയിലുള്ള വാഹനം ഉപയോഗിച്ചാണ് സർഫ് റേക്കർ മണലിന് പുറത്ത് കൂടി ചലിപ്പിക്കുന്നത്. ഒരു മണിക്കൂറിൽ ഏഴ് കിലോമീറ്റർ ദൂരം സഞ്ചരിക്കും. ആദ്യം മാലിന്യം ശേഖരിച്ച് സംഭരണ കേന്ദ്രത്തിൽ നിക്ഷേപിച്ച ശേഷമാകും മണൽപ്പരപ്പ് നിരപ്പാക്കുക. യന്ത്രഭാഗങ്ങൾ പൂർണമായും ഘടിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം തുടങ്ങും. ഇന്നലെ വൈകിട്ട് ബീച്ചിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിന് യന്ത്രം കൈമാറി.