highschool-junction
കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ വെള്ളക്കെട്ട്

ഓടകളും ഡ്രെയിനേജ് സംവിധാനവും പരാജയം

കൊല്ലം: ചെറിയൊരു മഴ മതി, നഗരത്തിലെ റോഡുകൾ തോടുകൾക്ക് സമാനമാകാൻ. കഴിഞ്ഞ മൂന്ന് ദിവസത്തെ ശക്തമായ മഴയിൽ നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായിരുന്നു. അശാസ്ത്രീയമായ ഡിവൈഡറുകളും ഡ്രെയിനേജ് സംവിധാനവുമൊക്കെയാണ് ഇതിന് കാരണമായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.

കളക്ടറേറ്റ് - ഇരുമ്പ് പാലം റോഡിൽ രണ്ടുവർഷം മുമ്പ് ഡിവൈഡറുകൾ നിർമ്മിച്ചപ്പോൾ വെള്ളമൊഴുകിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്താതിനെ തുടർന്ന് ഈ ഭാഗത്ത് അഞ്ചിടങ്ങളിലാണ് വെള്ളം കെട്ടുന്നത്. ഇരുമ്പ് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചപ്പോൾ പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും മഴക്കാലത്ത് ഇവിടെയും വെള്ളം കെട്ടുന്നുണ്ട്. അശാസ്ത്രീയമായ നിർമ്മാണത്തിന് പുറമെ കൃത്യമായ പരിപാലനം കൂടിയില്ലാതായതോടെ പൈപ്പുകൾ മാലിന്യം കയറി അടയുകയായിരുന്നു.

നിർമ്മാണ സമയത്ത് പാലവും അപ്പ്രോച്ച് റോഡും തമ്മിലുള്ള ഉയരം ക്രമീകരിക്കാത്തതും പാലത്തിന് കിഴക്കുഭാഗത്ത് വെള്ളം കെട്ടാൻ കാരണമാകുന്നുണ്ട്. വേനൽക്കാലത്ത് ഓടകൾ ശുചീകരിക്കുന്ന പ്രവൃത്തികൾ കൃത്യമായി നടത്താത്തതും വെള്ളമൊഴുക്കിന് തടസമാകുന്നുണ്ട്.

നഗരസഭ ഓഫീസിന് മുൻവശം

രണ്ട് മാസം മുമ്പ് നഗരസഭാ ഓഫീസിന് മുൻവശത്തെ ഓടകൾ നവീകരിച്ചിരുന്നു. തറയോടുകൾ പാകിയും കൈവരികൾ സ്ഥാപിച്ചും ഇവ കാൽനട സൗഹൃദമാക്കിയപ്പോൾ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം മാത്രം ഒരുക്കിയില്ല. ഇതേത്തുടർന്ന് നഗരസഭയുടെ പ്രധാന കവാടമുൾപ്പെടെ വെള്ളക്കെട്ടിലാകുന്നത് പതിവായി. ജീവനക്കാരുൾപ്പെടെ ഈ വെള്ളക്കെട്ടിലൂടെയാണ് ഓഫീസിലെത്തുന്നത്.

ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻവശം

നഗരസഭാ ഓഫീസിന് മുൻവശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമാനമായി ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻവശത്തും ഓട നവീകരിച്ചിരുന്നു. ഒരു തുള്ളി മഴവെള്ളം പോലും ഓടകളിലേക്ക് ഒഴുകാനുള്ള സൗകര്യം നിലവിൽ ഇവിടില്ല. ഓഫീസ് പരിസരത്തെ കുളം നവീകരിച്ചപ്പോൾ ഉയരം കൂട്ടി സംരക്ഷണഭിത്തി നിർമ്മിച്ചതോടെ കെട്ടിനിൽക്കുന്ന വെള്ളം കുളത്തിലേക്ക് ഒഴുകുന്നതും തടസപ്പെട്ടു. ഇപ്പോൾ മഴ പെയ്യുന്നതോടെ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് അൻപത് മീറ്ററോളം ദൂരം വെള്ളക്കെട്ടിലാകും. പ്രധാന കവാടവും ഓഫീസ് കെട്ടിടത്തിന്റെ മുൻവശവുമെല്ലാം മുങ്ങുകയും ചെയ്യും.

തോടിന് സമാനം, ഈ നഗരവീഥികൾ

1. ആർ.ഒ.ബി ജംഗ്‌ഷൻ
2. നഗരസഭാ ഓഫീസിന് മുൻവശം
3. കടപ്പാക്കട
4. ആരാധനാ തീയേറ്റർ റോഡിന് എതിർവശം
5. ഇരുമ്പ് പാലം
6. കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രം ജംഗ്‌ഷൻ
7. ഹൈസ്‌കൂൾ ജംഗ്‌ഷൻ
8. കാനറാ ബാങ്ക് ജംഗ്‌ഷൻ
9. ജില്ലാ പഞ്ചായത്ത് ഓഫീസ് മുൻവശം

" ഓടകളിലേക്ക് വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കിയാൽ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയും. അതിനായുള്ള നടപടികൾ അടിയന്തരമായി അധികൃതർ സ്വീകരിക്കണം" - യാത്രക്കാർ