hospital

കൊല്ലം: സ്വകാര്യ മേഖലയിലുൾപ്പെടെ കൊവിഡ് ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കാൻ ഓഡിറ്റ് നടത്താനുള്ള സർക്കാർ നിർദേശത്തെ തുടർന്ന് ജില്ലയിൽ ഓഡിറ്റ് ടീം രൂപീകരിക്കുന്നു. ദുരന്ത നിവാരണ അതോറിറ്റിക്കാണ് ചുമതല. ഓക്സിജൻ ചോർച്ച, തീപിടിത്തം തുടങ്ങിയവ മൂലമുള്ള അപകടങ്ങൾ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാനാണ് നടപടി.

റവന്യൂ, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധിയായിരിക്കും സംഘത്തിലെ പ്രധാനി. അഗ്നിരക്ഷാ സേന, ആരോഗ്യവകുപ്പ്, പൊതുമരാമത്ത്, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത്, വൈദ്യുതി ഇൻസ്‌പെക്ടർ, ആശുപത്രി പ്രതിനിധികൾ എന്നിവർ സംഘത്തിലുണ്ടാകും. അതത് ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ടുമാർ ഓഡിറ്റിന് ആവശ്യമായ സൗകര്യങ്ങൾ നൽകണം.

സുരക്ഷാ ഓഡിറ്റിന്റെയും അനുബന്ധ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംസ്ഥാനതല ആശുപത്രികളുടെ കാര്യത്തിൽ കുറവുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും. സഹകരണ, സ്വകാര്യ, ഇ.എസ്.ഐ ആശുപത്രികളിൽ അതത് മാനേജ്‌മെന്റും നടപടികൾ സ്വീകരിക്കണം. കൊവിഡ് സെക്കൻഡ്, ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്താനും നിർദ്ദേശമുണ്ട്.