അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും കരാർ ക്ഷണിച്ചു
കൊല്ലം: കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുന്ന പോളയത്തോട് ശ്മശാനത്തിലെ ഗ്യാസ് ഫർണസുകൾക്ക് അറ്റകുറ്റപ്പണി നടത്താനൊരുങ്ങി നഗരസഭ. ആവശ്യമുള്ള പുതിയ ഉപകരണങ്ങൾ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കുന്നതിന് പുറമേ മൂന്ന് വർഷത്തെ പരിപാലനത്തിനും നഗരസഭ പ്രത്യേകം കരാറുകൾ ക്ഷണിച്ചു.
ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് പോളയത്തോട് ശ്മശാനത്തിൽ നഗരസഭ രണ്ട് ഗ്യാസ് ഫർണസുകൾ സ്ഥാപിച്ചത്. എന്നാൽ പ്രവർത്തനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കരാർ കമ്പനിയുടെ അവകാശവാദങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇവ പണിമുടക്കി. ഇതിനുപുറമെ ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഉപയോഗം പ്രതീക്ഷിച്ചതിനെക്കാൾ കൂടുതലായതും പ്രാദേശിക പ്രതിഷേധവും പ്രവർത്തനം പൂർണമായി നിറുത്തലാക്കാൻ ഇടവരുത്തി.
പരിചയ സമ്പത്ത് പരിഗണിക്കാതെ ഏജൻസികളെ തിരഞ്ഞെടുത്തതാണ് ഫർണസുകൾ വേഗത്തിൽ തകരാറിലാകാൻ കാരണമായത്. ഇത്തവണ സർക്കാരിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ കഴിഞ്ഞ അഞ്ച് വർഷമായി സമാനമായ സേവനം നൽകിവരുന്ന ഏജൻസികളിൽ നിന്നാണ് നഗരസഭ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.
ആദ്യ ഫർണസ് 2008ൽ
പോളയത്തോട് ശ്മശാനത്തിൽ 2008ലാണ് ആദ്യ ഗ്യാസ് ഫർണസ് സ്ഥാപിച്ചത്. 14.70 ലക്ഷം രൂപയായിരുന്നു ചെലവ്. ഒരു മൃതദേഹം ദഹിപ്പിക്കാൻ 45 മിനിറ്റും 10 - 12 കിലോ ഗ്യാസും മതിയെന്നായിരുന്നു കമ്പനിയുടെ ആവകാശവാദം. എന്നാൽ മൂന്ന് മണിക്കൂറും 16 കിലോ ഗ്യാസും വേണ്ടിവന്നു. ഒരു മണിക്കൂറിനുള്ളിൽ ചിതാഭസ്മം ലഭിക്കേണ്ടിടത്ത് ഫർണസ് തണുത്ത് അടുത്ത സംസ്കാരത്തിന് സജ്ജമാകാൻ 14 മണിക്കൂറെടുത്തു. ഒരുദിവസം അഞ്ച് മൃതദേഹം ദഹിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിടത്ത് ഒരെണ്ണം പോലും നടക്കാതെയായി.
ഇതിനുപുറമെ ക്രിമറ്രോറിയത്തിനുള്ളിലെ വായൂസമ്മർദ്ദം വർദ്ധിപ്പിക്കാനും പുക പുറന്തള്ളാനും കൂടുതൽ വൈദ്യുതിയും വേണ്ടിവന്നു. പരീക്ഷണാർത്ഥം പ്രവർത്തിക്കവേ വൈദ്യുതി നിലച്ചപ്പോൾ പരിസരത്താകെ ദുർഗന്ധമുള്ള പുകയും വ്യാപിക്കാനിടയായി. പ്രദേശവാസികൾ നിന്ന് പ്രതിഷേധമുയർന്നതോടെ പ്രവർത്തനം നിറുത്തിവച്ചു.
രണ്ടാമത്തേത് 2010ൽ
2010ലാണ് രണ്ടാമത്തെ ഫർണസ് സ്ഥാപിച്ചത്. ജനറേറ്റർ ഇടയ്ക്കിടെ പണിമുടക്കി സംസ്കാരം പാതിവഴിയിൽ മുടങ്ങിയതോടെ പ്രവർത്തനം നിലച്ചു. പുകക്കുഴലിന് ആവശ്യമായ ഉയരമില്ലാത്തതിനാൽ ദുർഗന്ധം പരിസരത്ത് വ്യാപിക്കുന്നതും പതിവായി. ഇതിനിടെ ഫർണസിന് കേടുപാട് സംഭവിച്ചതോടെ അറ്റകുറ്റപ്പണി നടത്താതെ ഉപേക്ഷിക്കുകയായിരുന്നു.