പരവൂർ: ലോക്ക് ഡൗൺ കാലത്ത് ആഹാരം കിട്ടാതെ വലയുന്നവർക്ക് ഭക്ഷണപ്പൊതികളെത്തിച്ച് പരവൂർ ജനമൈത്രി പൊലീസ്. സ്റ്റേഷൻ പരിധിയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർക്കും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവർക്കുമാണ് ഭക്ഷമെത്തിച്ചുനൽകിയത്.
വിതരണത്തിനായി ഹാരീസ് ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ മിഥുൻ ലാൽ എത്തിച്ചുനൽകിയ അൻപത് പൊതിച്ചോറുകൾ ഏറ്റുവാങ്ങി പരവൂർ എസ്.എച്ച്.ഒ സംജത് ഖാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളിൽ കൂടുതലിടങ്ങളിൽ ഭക്ഷണമെത്തിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും പരവൂർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സമാനമായ പദ്ധതി നടപ്പിലാക്കിയിരുന്നു.