കൊട്ടാരക്കര: കഴുത്തൊപ്പം വെള്ളത്തിലിറങ്ങി വൈദ്യുതി അറ്റകുറ്റപ്പണികൾ നടത്തിയ ലൈൻമാൻമാർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. ശനിയാഴ്ച കനത്ത മഴ പെയ്യുമ്പോഴാണ് കൊട്ടാരക്കര നെല്ലിക്കുന്നം മുണ്ടാമൂട് ഏലായിൽ വൈദ്യുതി ബോർഡ് ജീവനക്കാരെത്തിയത്. ഏല മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. കൊട്ടാരക്കര ഈസ്റ്റ് സെക്ഷനിലെ ലൈൻമാൻമാരായ മധുവും സന്തോഷും വെള്ളത്തിലേക്കിറങ്ങി. കഴുത്തൊപ്പം വെള്ളമുണ്ടെന്നറിഞ്ഞിട്ടും പിൻമാറാൻ അവർ ഒരുക്കമായിരുന്നില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പ്രശ്നം പരിഹരിക്കാനായത്. വെള്ളത്തിൽ നടത്തിയ സാഹസിക പ്രവർത്തനം ആരോ മൊബൈലിൽ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതോടെ വൈറലായി. നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാൽ ഇരുവരെയും അഭിനന്ദിച്ചു.