photo
കടലാക്രമണത്തിൽ പൂർണമായും തകർന്ന ബാബുവിന്റെ വീട്.

കരുനാഗപ്പള്ളി: ആലപ്പാട്ട് കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ചുകയറിയതോടെ പ്രധാന റോഡിന് കിഴക്ക് ഭാഗത്തുള്ള നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ഭക്ഷണ സാധനങ്ങൾ കടലെടുത്തതോടെ നിരവധി കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി. കൊവിഡിനെ ഭയന്ന് പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാൻ തയ്യാറാകാത്ത അവസ്ഥയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് പറഞ്ഞു. ശക്തമായ കാറ്റിൽ നിരവധി വൻമരങ്ങൾ കടപുഴകി വീണു. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. മരങ്ങൾ ലൈൻ കമ്പികളിൽ പതിച്ചതിനെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കരുനാഗപ്പള്ളി താലൂക്കിൽ 15 ഓളം വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഇതിൽ 7 വീടുകളും ആലപ്പാട്ടാണ്. ചെറിയഴീക്കൽ കുമാരമംഗലത്ത് ബാബുവിന്റെ വീട് കടൽ ക്ഷോഭത്തിൽ പൂർണമായും തകർന്നു. ചെറിയഴീക്കൽ തുറയിൽ ആലുംമൂട്ടിൽ ശശി, ആശാന്റയ്യത്ത് സൂര്യദാസ്, കല്ലേലിഭാഗം വേങ്ങറ സൂര്യ ഭവനത്തിൽ സുനിൽ, നീണ്ടകര ബിജു ഭവനത്തിൽ ആനന്ദവല്ലി, കല്ലേലിഭാദം അശ്വതി ഭവനത്തിൽ രാഘവൻ, ചെറിയഴീക്കൽ ആറ്റുപറമ്പിൽ വീട്ടിൽ രാജേന്ദ്രൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. കരുനാഗപ്പള്ളിയുടെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടിലാണ്.