പരവൂർ: ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ മൂന്നാം ദിവസവും പരവൂരിൽ കടലാക്രമണം അതിരൂക്ഷമായി തുടരുന്നു. പൊഴിക്കരയിൽ തിരമാലകൾ റോഡിലേയ്ക്ക് ശക്തിയോടെ അടിച്ചുകയറുകയാണ്. സമീപപ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ അധികൃതർ ഇടപെട്ട് ബന്ധു വീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
പരവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ പൂർണമായും വെള്ളത്തിനടിയിലായി. കട്ടാകുളം, യക്ഷികാവ്, പുഞ്ചിറക്കുളം, എന്നിവിടങ്ങളിൽ പ്രളയസമാനം വെള്ളം കയറി. ശക്തമായ കടലാക്രമണത്തിൽ ചില്ലയ്ക്കൽ, മലപ്പുറം എന്നീ മേഖലകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. പുലിമുട്ടോ കടൽ ഭിത്തിയോ ഇല്ലാത്തതിനാൽ കരയിടിഞ്ഞ് വീഴാൻ സാദ്ധ്യതയുണ്ട്. പൊഴിക്കര ചീപ്പിന്റെ ഷട്ടറുകൾ കവിഞ്ഞ് വെള്ളമൊഴുകുകയാണ്.