കൊല്ലം: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞുവീണ് എസ്.എൻ.ഡി.പി യോഗം പട്ടംതുരുത്ത് ശാഖയുടെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും മരം വീണ് പൂർണമായും നശിച്ചു. ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ആൽമരത്തിനും കേടുപാടുകൾ പറ്റി.
കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽ കുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി, കൗൺസിലറും പട്ടുതുരുത്ത് ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമായ എം. ഹനീഷ്, കൺവീനർ ഹിറോഷ് എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കെട്ടിടം പുനർനിർമ്മിക്കുന്നതിന് ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാൻ അധികൃതർ തയ്യാറാകണമെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.