കൊട്ടാരക്കര: നഗരസഭ പരിധിയിൽ തെരുവിൽ കഴിയുന്നവർക്ക് അഭയസ്ഥാനമൊരുക്കി നഗരസഭ. കൊട്ടാരക്കര ഇ.ടി.സിയിലെ ജെന്റ്സ് ഹോസ്റ്റൽ കെട്ടിടമാണ് തെരുവിൽ കഴിയുന്നവർക്കായി സജ്ജമാക്കിയത്. ഇന്നലെ നഗരസഭ ചെയർമാൻ എ.ഷാജു, വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ.രമേശ് എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ പരിധിയിലെ മിക്കയിടങ്ങളിലുമെത്തി കടത്തിണ്ണകളിലും മറ്റും കഴിയുന്നവരെ അഭയകേന്ദ്രത്തിലെത്തിച്ചു. വരുംദിവസങ്ങളിലും ഈ നിലയിൽ എല്ലായിടത്തും നഗരസഭ അധികൃതരെത്തും. അഭയകേന്ദ്രത്തിൽ ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങി എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായി ചെയർമാൻ എ.ഷാജു അറിയിച്ചു.