അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റി
ചാത്തന്നൂർ: ടൗക്‌തേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയും കാറ്റും അത്യാഹിതങ്ങൾക്ക് ഇടവരുത്താതെ കടന്നുപോകാൻ കൃത്യമായ ആസൂത്രണവും പ്രവർത്തനങ്ങളും നടത്തി മാതൃകയായി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയപാതയോരങ്ങളിലും പൊതു - സ്വകാര്യ ഭൂമികളിലും അപകടഭീഷണി ഉയർത്തിനിന്ന മരങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റുകയായിരുന്നു. മിക്ക പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി നാശനഷ്ടങ്ങൾ സംഭവിച്ചപ്പോൾ പഞ്ചായത്തിന്റെ ഈ നടപടി പ്രദേശത്തെ അത്യാഹിതങ്ങൾ ലഘൂകരിക്കാൻ ഇടയായി.
അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരം നൽകിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് കഴിഞ്ഞ 12നാണ് പുറത്തിറങ്ങിയത്. തൊട്ടടുത്ത ദിവസം തന്നെ പൊതുജനങ്ങളുടെ സഹകരണത്തോടെ ഇത്തരം മരങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റാൻ വേണ്ട നടപടി പഞ്ചായത്ത് സ്വീകരിച്ചു. നാട്ടുകാർ അറിയിച്ച ഇടങ്ങളിൽ അധികൃതർ നേരിട്ടെത്തി പരിശോധിച്ചായിരുന്നു പ്രവർത്തനം. ദേശീയപാതയോരത്ത് ശ്രീരാമപുരം, പാരിപ്പള്ളി മുക്കട, പാരപ്പളളി-പരവൂർ റോഡിൽ പാമ്പുറം എന്നിവിടങ്ങളിലും പഞ്ചായത്ത് പരിധിയിലെ പൊതു - സ്വകാര്യ ഭൂമികളിലും നിന്ന പത്തോളം മരങ്ങളാണ് മുറിച്ചുമാറ്റിയത്.