മഴക്കാലമെത്തിയാൽ പാലം വെള്ളത്തിൽ
ചാത്തന്നൂർ: ഇത്തിക്കരയാറിന് കുറുകെ മരക്കുളം കടവിൽ നിർമ്മിച്ച നടപ്പാലം മഴക്കാലമെത്തിയാൽ വെള്ളത്തിൽ മുങ്ങും. ഈ സമയം പാലം കടക്കാനെത്തുന്നവർ ഒന്നുകിൽ നീന്തണം, അല്ലെങ്കിൽ ഒപ്പമൊരു ചെറുതോണി കൂടെ കൊണ്ടുവരണം.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ മരക്കുളത്തെയും പൂയപ്പള്ളി പഞ്ചാത്തിലെ ചെങ്കുളത്തെയും ബന്ധിപ്പിച്ച് നിർമ്മിച്ച ഇരുമ്പ് പാലത്തിനാണ് ഈ ദുരവസ്ഥ. മുപ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിലെ അപാകതയാണ് പാലം മുങ്ങാൻ കാരണമാകുന്നത്.
പുഴയ്ക്ക് മുകളിൽ പാലത്തിന് ഉയരമുണ്ടെങ്കിലും അപ്രോച്ച് റോഡുകൾ കുത്തനെ താഴ്ത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതുമൂലം ഇത്തിക്കരയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ പൊതുവഴിയിൽ നിന്ന് അപ്രോച്ച് റോഡിലേക്ക് കയറുന്ന ഭാഗം മുഴുവൻ വെള്ളത്തിനടിയിലാകും. നിർമ്മാണം സമയത്ത് നാട്ടുകാർ വെള്ളമുയരുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പൊതുമരാമത്ത് ഉദ്യോഗസ്ഥരോ കരാറുകാരോ ജനപ്രതിനിധികളോ ചെവിക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്.