കൊല്ലം: ദേശീയപാതയിൽ പള്ളിമുക്കിൽ വാഹനാപകടത്തിൽ പരിക്കേറ്റ് മരണത്തോട് മല്ലടിച്ച തെരുവുനായ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപ്പെട്ടു. പൊതുപ്രവർത്തകൻ ബാബു ഷാഹി വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സേനാംഗങ്ങളായ ഷിബു റാവുത്തർ, ചെങ്കിഷ് ഖാൻ, നഹാസ് കൊരണ്ടിപ്പള്ളി എന്നിവരാണ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചത്.
നായ ഗുരുതരാവസ്ഥയിലാണെന്ന് മനസിലാക്കിയ സേനാംഗങ്ങൾ കൊല്ലം പീപ്പിൾ ഫോർ ആനിമൽ പ്രസിഡന്റ് തങ്കച്ചിയെ വിവരമറിയിച്ചു. തുടർന്ന് പീപ്പിൾ ഫോർ ആനിമൽ ഹാൻഡ്‌ലർ ജീവനക്കാരായ ജെ. ശ്യാം, ബീയാസ് എന്നിവരെത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം നായയെ തഴുത്തലയിലെ സംഘടനയുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവിടെ വച്ച് വെറ്റിനറി ഡോക്ടർ വിശാഖ് നായയ്ക്ക് ആവശ്യമായ ചികിത്സകൾ നൽകി. മൂന്ന് ദിവസത്തിനകം നായയുടെ ആരോഗ്യം മെച്ചപ്പെടുമെന്ന് ഷെൽട്ടർ ഹോം അധികൃതർ അറിയിച്ചു.