പ്രദേശം പകർച്ചാവ്യാധി ഭീഷണിയിൽ
ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ കരിമ്പാലൂർ വാർഡിലുൾപ്പെട്ട തെറ്റിക്കുളത്ത് നിരന്തരമായുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ചെറുമഴ പെയ്താൽ പോലും നാലുദിക്കിൽ നിന്നായി ഒഴുകിയെത്തുന്ന വെള്ളം ഇവിടെ ദിവസങ്ങളോളം കെട്ടിക്കിടക്കുകയാണ്. മാലിന്യവുമായി ഒഴുകിയെത്തുന്ന വെള്ളം പ്രദേശത്ത് പകർച്ചാവ്യാധി ഭീഷണിയും ഉർത്തുന്നുണ്ട്.
കഴിഞ്ഞ ആറുവർഷമായി ഈ ദുരവസ്ഥ തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ മഴവെള്ളമൊഴുകി ചിറക്കര തോട്ടിലൂടെ പോളച്ചിറയിലെത്തിയിരുന്നത് ഈ ഭാഗത്തുണ്ടായിരുന്ന ഓടയിലൂടെ ആയിരുന്നു. ഇത് അടഞ്ഞതോടെയാണ് തെറ്റിക്കുളത്ത് വെള്ളക്കെട്ട് പതിവായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ തെറ്റിക്കുളം ഭാഗത്തെ പത്തോളം വീടുകളിലാണ് വെള്ളം കയറിയത്.
സമീപത്തെ പെട്രോൾ പമ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവിടെയുണ്ടായിരുന്ന ഓട അടച്ചത്. ഇതോടെ തലക്കുളം, ഊന്നിൻമൂട് ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ചിറക്കര തോട്ടിലേയ്ക്ക് പോകാതെ തെറ്റിക്കുളം ഭാഗത്ത് കെട്ടിക്കിടന്ന് വീടുകളിലേയ്ക്ക് കയറുകയാണ്. പിന്നീട് ദിവസങ്ങൾ കഴിഞ്ഞാകും വെള്ളമിറങ്ങുക.
കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, വാർഡ് മെമ്പർ അല്ലി അജി, പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ എന്നിവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് പഞ്ചായത്ത് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകി.