കൊല്ലം: രണ്ടാം കൊവിഡ് തരംഗം കൂടുതൽ വ്യാപകമായതോടെ ആയുർവേദം, ഹോമിയോ ചികിത്സയ്ക്ക് പ്രാധാന്യമേറുകയാണ്. എന്നാൽ, കൊവിഡ് പ്രതിരോധ ചികിത്സയ്ക്ക് ആയുർവേദ - ഹോമിയോ മരുന്നുകൾക്ക് ആയുഷ് മന്ത്രാലയം അനുമതി ഉണ്ടെങ്കിലും അലോപ്പതി വിദഗ്ദ്ധർ കണ്ണടയ്ക്കുകയാണിപ്പോഴും. ഹോമിയോയിൽ ആഴ്‌സനിക്കം ആൽബം 30 എന്ന മരുന്ന് രോഗപ്രതിരോധത്തിന് ഗുണപ്രദമാണ്.

ആയുർവേദത്തിൽ ഷഡാംഗ ചൂർണം തിളപ്പിച്ച് വെള്ളം കുടിക്കുന്നതും ഇന്ദുകാന്തം കഷായം, സുദർശനം, വില്വാദി ഗുളിക എന്നിവയും പ്രതിരോധത്തിന് പര്യാപ്തമാണ്. ഇവ ഉപയോഗിക്കാനാണ് അനുമതി. ഇതിനെ അനുകൂലിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയപ്പോൾ ഐ.എം.എ എതിർത്തത് വിവാദമായിരുന്നു.

ആയുഷ് മന്ത്രാലയം അനുമതി നൽകുകയും സർക്കാർ ചികിത്സാകേന്ദ്രങ്ങളിൽ മരുന്നുകൾ നൽകുകയും ചെയ്തിട്ടും അലോപ്പതി ഡോക്ടർമാർ ഇതിനെ തള്ളിപ്പറയാൻ ശ്രമിക്കുന്നത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സിദ്ധയിലെ കഫസുര കുടിനീരിന് ആയുഷ് മന്ത്രാലയം അനുമതി നൽകിയത്. തിരുവനന്തപുരം സിദ്ധ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 15 ഓളം ക്ലിനിക്കുകളിലൂടെ കൊവിഡ് പ്രതിരോധ ചികിത്സ നടത്തുന്നുണ്ട്.

സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായ 6,500 ലധികം രോഗികളിൽ നടത്തിയ ആയുർവേദ ചികിത്സയിൽ ഒരാൾ പോലും ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയില്ല. എല്ലാവരും നെഗറ്റീവാകുകയും ചെയ്തു. ചിട്ടയായ ഭക്ഷണക്രമത്തിലൂടെ ശരീരത്തിലെ ഓക്സിജൻ ലെവൽ നിയന്ത്രിച്ചാണ് ചികിത്സ ഫലപ്രദമാക്കിയത്. ഹോമിയോയിലും പ്രതിരോധ ഗുളികകളും ചികിത്സാരീതികളുമുണ്ട്.

ആയുർവേദം: ഗുരുതരാവസ്ഥയിലല്ലാത്ത കൊവിഡ് രോഗികൾക്ക് ഭേഷജം, നിരീക്ഷണത്തിലുള്ളവർക്ക് അമൃതം, രോഗമുക്തി നേടിയവർക്ക് പുനർജ്ജനി പദ്ധതികളിലൂടെ ചികിത്സ. വൃദ്ധർക്ക് സുഖായുഷ്‌ ചികിത്സ

ഹോമിയോ: ആഴ്‌സനിക്കം ആൽബം 30 (രോഗപ്രതിരോധം), കൊവിഡ് പോസിറ്റിവായവർക്കും രോഗമുക്തരായവർക്കും ശരീര പ്രകൃതമനുസരിച്ചുള്ള മരുന്നുകൾ

ഓക്സിജൻ ക്രമീകരണത്തിന്

1. രാത്രി ഭക്ഷണത്തിൽ മാംസം, പാൽ ഒഴിവാക്കുക

2. സസ്യാഹാരത്തിലൂടെ പ്രോട്ടീൻ സ്വീകരിക്കുക

3. കഞ്ഞി, ചെറുപയർ ശീലമാക്കുക

4. ശരീരവേദനയുള്ളപ്പോൾ എണ്ണ, ലേപനങ്ങൾ ഒഴിവാക്കുക

5. മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവിപിടിക്കുക

6. ചുക്ക് /അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക

ചികിത്സ ലഭിക്കുന്നത്

 കിടത്തി ചികിത്സ: ആയുർവേദ മെഡിക്കൽ കോളേജ്, ജില്ലാ - താലൂക്ക് ആശുപത്രികൾ

 ഒ.പി സൗകര്യം: ഭേഷജം, അമൃതം, പുനർജ്ജനി, സുഖായുഷ്‌ ചികിത്സാ സൗകര്യമുള്ള ക്ളിനിക്കുകൾ,

ആയുഷ് മിഷൻ - ഗവ. ആയുർവേദ ഡിസ്പെൻസറികൾ

ഹോമിയോ

ജില്ലാ - താലൂക്ക് - പഞ്ചായത്ത് തല ആശുപത്രികൾ, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീവഴി പ്രവർത്തിക്കുന്നവ (രണ്ടിടത്തും പ്രതിരോധ മരുന്ന് വിതരണം)

''പ്രതിരോധ ശേഷി വർദ്ധിപ്പിക്കലല്ല, ഓക്‌സിജൻ ക്രമപ്പെടുത്തുന്ന ചികിത്സാരീതിയാണ് ആയുർവേദത്തിലുള്ളത്.

എ. അഭിലാഷ് ,

ചീഫ് മെഡിക്കൽ ഓഫീസർ,

ജില്ലാ ആയുർവേദ ആശുപത്രി

''ഓരോരുത്തരുടെയും ശരീര പ്രകൃതവും രോഗാവസ്ഥയും അനുസരിച്ചുള്ള ചികിത്സയാണ് ഹോമിയോയിൽ നടപ്പാക്കുന്നത്.

സി.എഫ്. പ്രദീപ്,

ഡി.എം.ഒ, ഹോമിയോപ്പതി, കൊല്ലം

''
സിദ്ധയിൽ ഉപയോഗിക്കുന്ന പല ഔഷധങ്ങളും ഫലപ്രദമാണ്. ക്ലിനിക്കൽ അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

ഡോ. ബി.എ. രാഹുൽ, ജന. സെക്രട്ടറി,

സിദ്ധ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ