അതിർത്തികളിൽ പരിശോധനയില്ല
കൊല്ലം: ജില്ലയിലെ ഹാർബറുകൾ അടഞ്ഞ് രണ്ടാഴ്ച പിന്നിട്ടതിനൊപ്പം കടൽക്ഷോഭവും രൂക്ഷമായതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവരവ് വർദ്ധിച്ചു. യാതൊരു പരിശോധനയും നടത്താതെയാണ് മത്സ്യവുമായി വരുന്ന വാഹനങ്ങൾ അതിർത്തികടക്കുന്നത്.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വൻതോതിൽ പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു. അപ്രതീക്ഷിതമായി ലോക്ക് ഡൗൺ വന്നതോടെ കയറ്റുമതിക്ക് സംഭരിച്ചിരുന്ന മത്സ്യം ആഴ്ചകൾക്ക് ശേഷം തമിഴ്നാട് കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നു. ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതി ഉയർന്നതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും സംയുക്തമായി പരിശോധന തുടങ്ങിയത്.
അന്ന് ടൺ കണക്കിന് മത്സ്യമാണ് പ്രതിദിനം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നത്. അന്യസംസ്ഥാന മത്സ്യം കമ്മിഷൻ കടകളിൽ എത്തുന്നതിന് പുറമേ റോഡുവക്കുകളിൽ വച്ചും കച്ചവടക്കാർക്ക് വിൽക്കുന്നുണ്ട്. ബൈപ്പാസിന്റെ വിവിധ ഭാഗങ്ങൾ, ശക്തികുളങ്ങര ഹാർബർ പരിസരം എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ.
ഇപ്പോൾ ഉപഭോക്താക്കളിൽ നിന്ന് കാര്യമായ പരാതി ലഭിക്കുന്നില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. ഗുണനിലവാരം പരിശോധിക്കാൻ രണ്ട് ഫുഡ് സേഫ്ടി ഇൻസ്പെക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ചന്തകളും കമ്മിഷൻ കടകളും കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ടെങ്കിലും പഴക്കമോ മായമോ ഉള്ളവ കണ്ടെത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ആദ്യവ്യാപനത്തിലും വില്ലൻ
മത്സ്യവുമായി എത്തിയ അന്യസംസ്ഥാന ലോറി ഡ്രൈവർമാരുമായുള്ള സമ്പർക്കത്തിലൂടെയാണ് ജില്ലയിൽ കൊവിഡിന്റെ ആദ്യവ്യാപനം രൂക്ഷമായത്. ശാസ്താംകോട്ട, അഞ്ചൽ, കൊട്ടാരക്കര ഭാഗത്തുള്ള മത്സ്യ കച്ചവടക്കാർക്കാണ് അന്യസംസ്ഥാന ഡ്രൈവർമാരിൽ നിന്ന് രോഗം പടർന്നത്. രാത്രികാലങ്ങളിൽ റോഡ് വക്കുകളിൽ കൂട്ടംകൂടിയാണ് ലോറികളിലെത്തിക്കുന്ന മത്സ്യം വിൽക്കുന്നത്.
മത്സ്യത്തൊഴിലാളി നേതാക്കളുടെ യോഗം
ജില്ലയിലെ ഹാർബറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം രണ്ട് ദിവസത്തിനകം ചേരും. ടൗക്‌തേ ചുഴലിക്കാറ്റിനെ തുടർന്നാണ് യോഗം മാറ്റിയത്. നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പുകളില്ല. ലോക്ക് ഡൗണിൽ മത്സ്യബന്ധനത്തിന് നിയന്ത്രണവുമില്ല. എന്നാൽ ഹാർബറുകൾ അടഞ്ഞുകിടക്കുന്നതാണ് മറ്റ് ജില്ലകളിലേത് പോലുള്ള വ്യാപനം ഉണ്ടാകാത്തതെന്നാണ് വിലയിരുത്തൽ. അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന കർശന ഉറപ്പിലേ തുറക്കൂ. പരീക്ഷണാർത്ഥം രണ്ടുദിവസം തുറന്നശേഷം മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അടയ്ക്കാനാണ് ആലോചന.
കായൽ മത്സ്യങ്ങൾക്ക് പ്രിയം
ഹാർബറുകൾ അടച്ചതിനൊപ്പം കടലും പ്രക്ഷുബ്ധമായതോടെ കായൽ മത്സ്യങ്ങൾക്ക് പ്രിയമേറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിലയും വർദ്ധിച്ചു. കഴിഞ്ഞ ദിവങ്ങളിലെ മഴയെ തുടർന്ന് വൻതോതിൽ കായൽ മത്സ്യം ലഭിച്ചിരുന്നു.
ഇനം, വില (കിലോ)
കരിമീൻ (കായൽ)- 530
ഗിഫ്ട് തിലാപ്പിയ (ഫാം)- 230
വനാമി കൊഞ്ച് (ഫാം) - 360
പരാതി അറിയിക്കാം
(ഭക്ഷ്യസുരക്ഷ ജില്ലാ ഓഫീസ്)
ഫോൺ: 0474:276690
''
മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ 24 മണിക്കൂറും സ്ക്വാഡ് പ്രവർത്തിക്കുന്നു. പരാതികളൊന്നും ലഭിച്ചിട്ടില്ല. നടന്ന പരിശോധനകളിലും കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല.
എസ്.അജി
അസി. ഫുഡ് സേഫ്ടി കമ്മിഷണർ