ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് അഞ്ചാം തവണയും വിജയിച്ച കോവൂർ കുഞ്ഞുമോൻ മന്ത്രിസഭയിൽ അംഗമാവില്ല. ഘടകകക്ഷിയല്ലാത്ത കാരണത്താലാണ് കുഞ്ഞുമോനെ എൽ.ഡി.എഫ് പരിഗണിക്കാത്തത്. ഇടത് സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോൻ ഇത്തവണയും വിജയിച്ചത്.
2001 മുതൽ മൂന്നുതവണ ആർ.എസ്.പി എം.എൽ.എയായിരുന്നു. ആർ.എസ്.പി യു.ഡി.എഫിലേക്ക് മാറിയതോടെ കുഞ്ഞുമോൻ എം.എൽ.എ സ്ഥാനം രാജിവച്ച് എൽ.ഡി.എഫിനൊപ്പം നിന്നു. ആർ.എസ്.പി നേതാവായിരുന്ന അമ്പലത്തറ ശ്രീധരനെ സെക്രട്ടറിയാക്കി ആർ.എസ്.പി ലെനിനിസ്റ്റ് എന്ന സ്വന്തം പാർട്ടി ഉണ്ടാക്കിയെങ്കിലും പാർട്ടിക്കുള്ളിലെ ചേരിതിരിവ് കാരണം പല മുൻനിര നേതാക്കളും പാർട്ടി വിട്ടു. ഇതോടെ ഘടകകക്ഷി ആക്കണമെന്ന കുഞ്ഞുമോന്റെ ആവശ്യം എൽ.ഡി.എഫ് തള്ളുകയായിരുന്നു.