subi-23

കരുനാഗപ്പള്ളി: ടി.എസ് കനാലിൽ ചൂണ്ടയിടുന്നതിനിടയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കായലിൽ പൊങ്ങി. മരുതൂർക്കുളങ്ങര തെക്ക് മംഗലത്ത് സുരേന്ദ്രൻ -ഉഷ ദമ്പതികളുടെ മകൻ സുബിന്റെ (23) മൃതദേഹമാണ് ഇന്നലെ രാവിലെ പത്തോടെ കോഴിക്കോട് പത്മനാഭൻ ജെട്ടിക്ക് സമീപം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് സുഹൃത്തുക്കളുമൊത്ത് സുബൻ കായലിൽ ചൂണ്ടയിടാൻ പോയത്. ഇവർ സഞ്ചരിച്ചിരുന്ന വള്ളം ശക്തമായ മഴയിലും കാറ്റിലും പെട്ട് മറിയുകയായിരുന്നു. സുബിനൊപ്പം ഉണ്ടായിരുന്ന മരുതൂർക്കുളങ്ങര തെക്ക് മണ്ണേൽ ഹരികൃഷ്ണൻ (23), പീടികചിറയിൽ ശിവശങ്കർ (22) എന്നിവർ നീന്തി രക്ഷപ്പെട്ടിരുന്നു. സുബിന്റെ മൃതദേഹത്തിനായി മൂന്ന് ദിവസമായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം കരയ്ക്കെടുത്തു. കൊവിഡ് ടെസ്റ്റിനും പോസ്റ്റ് മോർട്ടത്തിനും ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.