kalluvathukkal
കല്ലുവാതുക്കൽ ഇ.എസ്.ഐ ഡിസ്പെൻസറി

ചാത്തന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നാടെങ്ങും വ്യാപൃതരാകുമ്പോൾ ഇതിലൊന്നും ഭാഗഭാക്കാകാതെ ഉറക്കച്ചടവിൽ തുടരുകയാണ് കല്ലുവാതുക്കൽ ഇ.എസ്.ഐ ഡിസ്പെൻസറി. കശുഅണ്ടി ഫാക്ടറികൾ പ്രവർത്തിച്ചിരുന്ന കാലത്ത് തൊഴിലാളികൾക്ക് ഏറെ ആശ്രയമായിരുന്ന ഡിസ്പെൻസറി ഇന്ന് വെറുതെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നൊരു സർക്കാർ സ്ഥാപനം മാത്രമാണ്.

വിശാലമായ കെട്ടിടങ്ങളും ആവശ്യത്തിന് മരുന്നും ഡോക്ടർമാരും ഒക്കെയുണ്ടെങ്കിലും നിലവിൽ ചികിത്സതേടി ആരും കല്ലുവാതുക്കലെ ഡിസ്പെൻസറിയിൽ എത്തുന്നില്ല. നിലവിൽ മൂന്ന് ഡോക്ടർമാരും രണ്ട് നഴ്സുമാരും ഒരു ഫാർമസിസ്റ്റും മൂന്ന് ഓഫീസ് ജീവനക്കാരുമാണ് ഇവിടെയുള്ളത്. ഇ.എസ്.ഐ കോർപ്പറേഷന് കീഴിലായതിനാൽ മറ്റുള്ള രോഗികൾക്ക് ഇവിടെ ചികിത്സയോ മരുന്നോ നൽകാറുമില്ല.

ദേശിയപാതയോരത്തിനോട് ചേർന്നുകിടക്കുന്നതിനാൽ ട്രോമാ കെയർ വിഭാഗമുൾപ്പെടെ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. അതേസമയം, ആശുപത്രി വളപ്പിലൂടെയുള്ള പാത ഗതാഗത യോഗ്യമാക്കാൻ പോലും ആരും മനസുവയ്ക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

കൊവിഡ് രണ്ടാംവ്യാപനം ശക്തമായതോടെ മിക്ക ആശുപത്രികളും കൊവിഡ് സെന്ററുകളായി മാറി. മറ്റു രോഗങ്ങൾ ബാധിച്ചവർ ചികിത്സയ്ക്കായി നെട്ടോട്ടമോടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഡിസ്പെൻസറിയെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധം കൊവിഡ് ഇതര ആശുപത്രിയെങ്കിലും ആക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 രണ്ടര ഏക്കറിലധികം ഭൂമി; കാടുകയറി ഏഴ് ക്വാർട്ടേഴ്സുകൾ

ആശുപത്രി കെട്ടിടത്തിന് പുറമെ ജീവനക്കാർക്കായി ഏഴ് ക്വാർട്ടേഴ്സുകളും ദേശീയപാതയോരത്തുള്ള കല്ലുവാതുക്കൽ ഇ.എസ്.ഐ ഡിസ്പെൻസറി വളപ്പിലുണ്ട്. ക്വാർട്ടേഴ്സുകളെല്ലാം നിലവിൽ കാടുകയറി നാശത്തിന്റെ വക്കിലാണ്. എന്നാൽ ഈ കെട്ടിടങ്ങൾ വൃത്തിയാക്കി ഉപയോഗപ്പെടുത്താനായി മിനക്കെടാൻ അധികൃതർക്ക് താത്പര്യമില്ല.

സ്വകാര്യ സ്ഥാപനങ്ങളുൾപ്പെടെ ഏറ്റെടുത്ത് ലക്ഷങ്ങൾ ചെലവാക്കി കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കുമ്പോഴും ഇത്രയേറെ സൗകര്യങ്ങളുള്ള ഈ സ്ഥാപനത്തെ അധികൃതർ സൗകര്യപൂർവം മറക്കുകയാണ്.