ചാത്തന്നൂർ: വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

മൊബൈൽ ഫോൺ, വീട്ടുപകരണങ്ങൾ മുതലായവ റിപ്പയർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകാത്തത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. ഓൺലൈൻ വിദ്യാഭ്യാസം തുടരുന്ന കുട്ടികൾക്ക് ഇന്റർനെറ്റ് റീചാർജ് ചെയ്യുന്നതിനും സൗകര്യമില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും പ്രവർത്തനാനുമതി നൽകണം.

വസ്ത്രങ്ങൾ, ചെരുപ്പ്, പാത്രങ്ങൾ, കയർ - കരകൗശല വസ്തുക്കൾ, തുകൽ ഉത്പന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ഒരുദിവസമെങ്കിലും പ്രവർത്തനാനുമതി നൽകണം. അടച്ചിട്ടിരിക്കുന്നത് മൂലം ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ ചിതൽ, എലി മുതലായ ജീവികൾ നശിപ്പിക്കുകയാണ്. ചെറുകിട വായ്പകൾ സംഘടിപ്പിച്ച് തുടങ്ങിയിട്ടുള്ള ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾ കടബാധ്യതാ ഭീഷണിയിലാണെന്നും നിവേദനത്തിൽ പറയുന്നു.