കരുനാഗപ്പള്ളി: തൊഴിൽ ഇല്ലാഴ്മയും കൊവിഡ് മഹാമാരിയും കടൽ ക്ഷോഭവും എല്ലാംകൂടി ചേർന്ന് ആലപ്പാട്ടെ ജനജീവിതം ദുരിതപൂർണമായി. കഴിഞ്ഞ ഒരാഴ്ചയായി ഗ്രാമത്തെ വേട്ടയാടുന്ന കടൽ ആക്രമണമാണ് ജനജീവിതം നരകതുല്യമാക്കിയത്. ലോക്ക് ഡൗൺ കാലയളവിലേക്ക് കരുതി വെച്ചിരുന്ന ഭക്ഷ്യസാധനങ്ങൾ പൂർണമായും കടലെടുത്തു. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ നാട്ടുകാർ വലയുകയാണ്. കുഞ്ഞുങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. കടൽ ആക്രമണത്തെ തുടർന്ന് ആലപ്പാട്ട് മാത്രമായി 7 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 200 ഓളം പേരെ ഇവിടെ പാർപ്പിക്കുന്നുണ്ട്. കൊവിഡിനെ ഭയന്ന് കൂടുതൽ ആളുകൾ ക്യാമ്പിലേക്ക് പോകാൻ തയ്യാറാക്കുന്നില്ല. പലരും അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറി. ഇവരാരും ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇവരെല്ലാം കൂടി തിരികെ വീടുകളിൽ എത്തുന്നതോടെ ജീവിതം കൂടുതൽ ദുരിത പൂർണമാകും.
തൊഴിലില്ല , പട്ടിണി തന്നെ
ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ 18 ദിവസമായി കായംകുളം മത്സ്യബന്ധന തുറമുഖം അടച്ചിട്ടിരിക്കുകയാണ്. ഇതോടെ തൊഴിൽ നഷ്ടമായി. ആലപ്പാട്ടുകാർക്ക് അറിയാവുന്ന ഏക തൊഴിൽ മത്സ്യബന്ധനം മാത്രമാണ്. ആലപ്പാട്ട് മാത്രമായി 300 ഓളം വലുതും ചെറുതുമായ ബോട്ടുകളും 150 ഓളം വള്ളങ്ങളും 100 ഓളം കട്ടമരങ്ങളും ഉണ്ട്. ഇതെല്ലാം കായലിൽ കെട്ടിയിട്ടിരിക്കുകയാണ്. വരുമാനം നിലച്ചതോടെ ദിവസങ്ങൾ തള്ളിനീക്കാൻ കഴിയാതായി. നിലവിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും 5000 രൂപാ ധനസഹായം അടിയന്തരമായി നൽകണമെന്ന് ധീവരസഭ ജില്ലാ സെക്രട്ടറി ബി.പ്രീയകുമാർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകാറുള്ള 4500 രൂപാ സാമ്പത്തിക സഹായവും ഉടനെ നൽകണമെന്ന ആശ്യവവും ശക്തമാകുന്നുണ്ട്.