കൊട്ടാരക്കര: വെട്ടിക്കവല പഞ്ചായത്തിൽ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുടങ്ങണമെന്ന് സി.പി.ഐ കുന്നിക്കോട് മണ്ഡലം കമ്മിറ്റി അംഗം ടി.എസ്.ജയശ്ചന്ദ്രനും വെട്ടിക്കവല ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മഹേഷും ആവശ്യപ്പെട്ടു. ആഴ്ചകൾക്ക് മുന്നേ തുടങ്ങേണ്ടിയിരുന്ന പ്രാഥമിക ചികിത്സാ കേന്ദ്രം ഇനിയും തുടങ്ങാനായിട്ടില്ല. തലച്ചിറ യൂനുസ് പോളിടെക്നിക് കോളേജ് ഇതിനായി ഏറ്റെടുത്തിരുന്നുവെങ്കിലും ഇപ്പോൾ മറ്റ് കെട്ടിടങ്ങൾ തേടുകയാണ്. ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ സാമഗ്രികളും വലിയ തോതിൽ സംഭാവനകൾ കണ്ടെത്തിയതുമെല്ലാം അഴിമതികൾക്ക് കാരണമാക്കുകയും ചെയ്തു. കൊവിഡ് ഭീകരമായി പടർന്നുപിടിക്കുമ്പോഴും അധികൃതർ നിസംഗത പുലർത്തുകയാണ്. ഈ സ്ഥിതി തുടർന്നാൽ വലിയ ദുരിതമുണ്ടാകും. ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.ഐ അറിയിച്ചു.